സംസ്ഥാനത്ത് ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാന്‍ തീരുമാനം

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനത്തില്‍ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കും
സംസ്ഥാനത്ത് ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാന്‍ തീരുമാനം

തിരുവനന്തപുരം: വി.ഐ.പി. സംസ്‌കാരം ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനുപിന്നാലെ സംസ്ഥാന സര്‍ക്കാരും ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനത്തില്‍നിന്നും ബീക്കണ്‍ലൈറ്റുകള്‍ ഒഴിവാക്കി വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, പോലീസ് എന്നീ വിഭാഗങ്ങളില്‍ മാത്രമേ ഇനി മുതല്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുകയുള്ളു. മുതിര്‍ന്ന ഉദ്യോഗസ്ഥരും ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനം.
ഡല്‍ഹിയില്‍ കെജ്രിവാളിന്റെ നോതൃത്വത്തിലുള്ള ആംആദ്മിസര്‍ക്കാരാണ് വിഐപി സംസ്‌കാരത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കുന്നതിനുള്ള ശ്രമം ആദ്യം തുടങ്ങിയത്. ഇതിനു പിന്നാലെ കേന്ദ്രമന്ത്രിസഭയും ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കുന്ന തീരുമാനമെടുക്കുകയായിരുന്നു. പ്രധാനമന്ത്രി, സ്പീക്കര്‍, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവര്‍ക്കു മാത്രമാണ് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ വയ്ക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ പ്രധാനമന്ത്രി സ്വയം തന്റെ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് വേണ്ടെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിനുപിന്നാലെ സംസ്ഥാനത്തെ മന്ത്രിമാരും ബീക്കണ്‍ ലൈറ്റുകള്‍ വേണ്ടെന്നു വച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനം വന്നയുടന്‍ തങ്ങളും വേണ്ടെന്നുവച്ചത് ധൃതിപ്പിടിച്ചായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. സംസ്ഥാനത്ത് അത്തരമൊരു തീരുമാനമെടുത്തതിനുശേഷം മതിയായിരുന്നില്ലേ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റുന്നത് എന്നും മുഖ്യമന്ത്രി ബീക്കണ്‍ ലൈറ്റുകള്‍ മാറ്റിയ മന്ത്രിമാരോട് ചോദിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് എത്തിയത്. ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നതില്‍ മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com