അടാട്ട് ബാങ്ക്: അനില്‍ അക്കരെയ്ക്കും സിഎന്‍ ബാലകൃഷ്ണന്റെ മരുമകനും എതിരെ വിജിലന്‍സ് അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th April 2017 05:03 PM |
Last Updated: 27th April 2017 05:53 PM | A+A A- |

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച ആരോപണത്തില്‍ ബാങ്ക് പ്രസിഡന്റായിരുന്ന എംവി രാജേന്ദ്രന്‍, അനില്‍ അക്കര എംഎല്‍എ എന്നിവര്‍ക്കെതിരെ അന്വേഷണമുണ്ടാകും. അടാട്ട് ബാങ്കില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടും തിരിമറികളും നടന്നുവെന്ന സഹകരണ വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
മുന്‍ സഹകരണ വകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ മരുമകനാണ് എംവി രാജേന്ദ്രന്‍. സംഘത്തിന്റെ അംഗത്വ രജിസ്റ്ററിലും അനുബന്ധരേഖകളിലും കൃത്രിമം നടത്തി, അര്‍ഹതയില്ലാത്തവര്‍ക്ക് വലിയ സംഖ്യ വായ്പ അനുവദിച്ചു നല്‍കി, ബാധ്യതാ രജിസ്റ്ററില്‍ ക്രമക്കേടുകള്‍ നടത്തി, കൃത്രിമരേഖകള്‍ ഉണ്ടാക്കി തുടങ്ങിയ കാര്യങ്ങള്‍ ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യകത ഉണ്ടെന്നും ആയത് സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാനേജിങ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചുവെങ്കിലും അപ്രകാരമുള്ള യാതൊരുവിധ രേഖകളും സംഘത്തില്‍ സൂക്ഷിച്ചു വരുന്നില്ല എന്ന് രേഖാമൂലം മാനേജിംഗ് ഡയറക്ടര്‍ എഴുതി നല്‍കുകയുണ്ടായതായി ജോയിന്റ് രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അനര്‍ഹര്‍ക്ക് കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ അംഗത്വം നല്‍കി വായ്പയും മറ്റാനുകൂല്യങ്ങളും നല്‍കിയതുവഴി സംഘത്തിന് 31.75 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുണ്ട്. നെല്ല്, അടയ്ക്ക സംഭരണത്തിലും വില്പനയിലും വായ്പ നല്‍കിയതിലും വലിയ തോതില്‍ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാവേലിക്കര താലൂക്ക് സര്‍വ്വീസ് സഹകരണ ബാങ്ക്, തൃശ്ശൂര്‍ ജില്ലയിലെ തന്നെ പുത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് എന്നിവിടങ്ങളില്‍ നടന്നതിന് സമാനമായ തട്ടിപ്പ് അടാട്ടും നടന്നെന്നാണ് പരാതി.