മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി; അധികാര സ്ഥാനത്തുള്ളവരെ വിമര്‍ശിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ കൈവിടരുത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th April 2017 03:41 PM |
Last Updated: 27th April 2017 05:41 PM | A+A A- |

മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാലിക്കേണ്ട അതിരുകളെ കുറിച്ച് ഓര്‍മ്മിപ്പിക്കേണ്ടവര്‍ സ്വയം അതിരുവിടുന്നുണ്ടോ എന്ന ആത്മപരിശോധനയില്‍ നിന്നും വിട്ടുനില്‍ക്കരുതെന്ന് മുഖ്യമന്ത്രി. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അധികാര സ്ഥാനത്തുള്ളവരെ നിശിതമായി വിമർശിക്കുമ്പോൾ തന്നെ, മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ കൈവിടാത്ത രീതിയാണ് വളർത്തിക്കൊണ്ടുവരേണ്ടത്.
വൈകുന്നേരങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുക എന്നത് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി മാറിയിട്ടുണ്ട്. ഈ വിഷയം തര്‍ക്കസാധ്യതയും എരിവും പുളിയും ഒക്കെ ഉള്ളതാകണം എന്നാണു സങ്കല്‍പം. ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് എന്തു നല്‍കുന്നു എന്നത് മാധ്യമങ്ങളുടെ വിഷയമല്ല എന്നതാണ് ഇന്നത്തെ സ്ഥിതി. എന്നാൽ , സമൂഹം ഇത് തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സാമൂഹികപ്രസക്തമായ വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും ആ വിഷയങ്ങളില്‍ വൈദഗ്ദ്ധ്യമുള്ളവരുടെ പാനലുകള്‍ കണ്ടെത്തി ചര്‍ച്ച ചെയ്യുകയും ചെയ്താല്‍ ഗുണപരമായ മെച്ചമുണ്ടാകും. ചാനലുകള്‍ ആ വഴിക്ക് കൂടി ചിന്തിക്കേണ്ടതുണ്ട് എന്ന് അഭ്യര്‍ഥിക്കുന്നതായും മുഖ്യമന്ത്രി പറയുന്നു.