കാനത്തെ കടന്നാക്രമിച്ച് കോടിയേരി, കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സിപിഐയ്ക്ക് ഇരട്ടത്താപ്പ്

മൂന്നാറിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാനത്തിന്റേത്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കാനം എല്‍ഡിഎഫയോഗത്തില്‍ പറഞ്ഞത്.
കാനത്തെ കടന്നാക്രമിച്ച് കോടിയേരി, കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സിപിഐയ്ക്ക് ഇരട്ടത്താപ്പ്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടേറി കാനം രാജേന്ദ്രന് എതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാനത്തിന്റെ നേതൃത്വത്തില്‍ സിപിഐയിലെ ഒരു വിഭാഗം സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ കാനത്തിന് ഇരട്ടത്താപ്പാണ് ഉള്ളതെന്നും സിപിഎം സംസ്ഥാന സമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ കോടിയേരി കുറ്റപ്പെടുത്തി.

മൂന്നാറിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാനത്തിന്റേത്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കാനം എല്‍ഡിഎഫയോഗത്തില്‍ പറഞ്ഞത്. ഇത് ഒഴികെയുള്ള കാര്യങ്ങളാണ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്താനാണ് ശ്രമം. കാനത്തിന്റെ നേതൃത്വത്തില്‍ സിപിഐയിലെ ഒരു വിഭാഗം സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ബോധപൂര്‍വമാണ്. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.

സിപിഐ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുന്നതില്‍ കോടിയേരി പരാജയപ്പെട്ടതായി സംസ്ഥാന സമിതിയില്‍ ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ദേശീയതലത്തിലെ ഇടതു ഐക്യം കണക്കിലെടുത്താണ് ഇത്തരമൊരു നിലപാടു സ്വീകരിച്ചതെന്ന് കോടിയേരി വിശദീകരിച്ചു. കടുത്ത ഭാഷയില്‍ മറുപടി പറയാന്‍ അറിയാത്തതുകൊണ്ടല്ല. എന്നാല്‍ കോണ്‍ഗ്രസുമായി ചേരാന്‍ അനുകൂലമായ സാഹചര്യമൊരുക്കുകയാണോ സിപിഐ എന്നു സംശയിക്കേണ്ടതുണ്ടെന്ന് കോടിയേരി പറഞ്ഞു. സിപിഐയിലെ ഒരു വിഭാഗത്തിന്‍ ഇത്തരം നീക്കങ്ങളില്‍ എതിര്‍പ്പുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com