പടിയിറങ്ങാനൊരുങ്ങി ബെഹ്‌റ, തീരുമാനമെടുക്കാതെ സര്‍ക്കാര്‍; സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കാന്‍ ശ്രമം

സെന്‍കുമാറിനെ നിയമിക്കുന്നതു സംബന്ധിച്ചോ സുപ്രിം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്നതു സംബന്ധിച്ചോ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല
പടിയിറങ്ങാനൊരുങ്ങി ബെഹ്‌റ, തീരുമാനമെടുക്കാതെ സര്‍ക്കാര്‍; സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കാന്‍ ശ്രമം


തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ടിപി സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീം കോടതി വിധി വന്നതോടെ ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങാന്‍ ഒരുങ്ങുമ്പോഴും നിലപാടു വ്യക്തമാക്കാതെ സര്‍ക്കാര്‍. സെന്‍കുമാറിനെ നിയമിക്കുന്നതു സംബന്ധിച്ചോ സുപ്രിം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്നതു സംബന്ധിച്ചോ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. സെന്‍കുമാറിനെ നിയമിക്കണം എന്നല്ലാതെ ഇതിനു കൃത്യമായ സമയം നിര്‍ദേശിച്ചിട്ടില്ലെന്ന ന്യായത്തില്‍ തൂങ്ങി നിയമനം നീട്ടിക്കൊണ്ടുപോവാനാണ് സര്‍ക്കാര്‍ ശ്രമം. 

സെന്‍കുമാറിന്റെ നിയമന കാര്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തേയില്ല. കോടതി ഉത്തരവിന്റെ സര്‍ട്ടിഫൈഡ് കോപ്പി കിട്ടിയ ശേഷം ഇക്കാര്യം പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി എന്നാണ് സൂചന. കോടതി ഉത്തരവിന്റെ പകര്‍പ്പും നിയമനത്തില്‍ തീരുമാനമെടുക്കണമെന്ന കത്തും സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇതു പരിഗണിക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഉത്തരവിന്റെ സര്‍ട്ടിഫൈഡ് കോപ്പി കിട്ടുകയും തുടര്‍ നടപടി സംബന്ധിച്ച് നിയമോപദേശം ആരായുകയും ചെയ്ത ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടിലാണ് പിണറായി. 

സെന്‍കുമാറിന്റെ നിയമനത്തിന് സമയ നിര്‍ദേശമൊന്നും കോടതി ഉത്തരവില്‍ ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. എന്നാല്‍ ഈ വാദത്തിന്റെ മറയില്‍ നിയമനം നീട്ടിക്കൊണ്ടുപോവുന്നതിന് നിയമപരമായ നിലനില്‍പ്പില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. സെന്‍കുമാറിനെ നീക്കുകയും ബെഹ്‌റയെ നിയമിക്കുകയും ചെയ്ത സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയാണ് കോടതി ചെയ്തത്. അതുകൊണ്ടുതന്നെ സമയ നിര്‍ദേശം സംബന്ധിച്ച വാദം ഇക്കാര്യത്തില്‍ നിലനില്‍ക്കില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതില്ല. കോടതി ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കും എന്നാണ് വിധി വന്നയുടനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ല എന്നായിരുന്നു പാര്‍ട്ടി തലത്തിലെ പ്രാഥമിക വിലയിരുത്തല്‍. എ്ന്നാല്‍ മുഖ്യമന്ത്രിക്ക് ഇതില്‍ പൂര്‍ണയോജിപ്പില്ലെന്നാണ് അറിയുന്നത്. നിയമവിദഗ്ധരുടെ ഉപദേശം ആരാഞ്ഞ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 

അടുത്ത മാസം 30 വരെയാണ് സെന്‍കുമാറിന് സര്‍വീസ് കാലാവധിയുള്ളത്. നിയമനം നീട്ടിക്കൊണ്ടുപോയി വീണ്ടും പദവിയില്‍ ഇരിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോ എന്നതില്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്നാണ് സെന്‍കുമാര്‍ പ്രതികരിച്ചത്. എന്തായാലും വിരമിക്കല്‍ തീയതിക്കു മുമ്പ് പിരിയാനില്ലെന്നും അവസാന ദിനം വരെ സര്‍വീസില്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച് അവ്യക്തത തുടരുമ്പോള്‍ തന്നെ ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസില്‍നിന്നുള്ള പടിയിറക്കത്തിനു തയാറായിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തിനായി ഇപ്പോള്‍ ഡല്‍ഹിയിലുള്ള ബെഹ്‌റ കേന്ദ്ര സര്‍വീസില്‍ ഡെപ്യൂട്ടേഷനു ശ്രമിക്കുകയാണ്. ഇന്നലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പുറപ്പെടുവിച്ച പത്രക്കുറിപ്പ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നുള്ള ബെഹറയുടെ പടിയിറക്കത്തിന്റെ മുന്നോടിയായാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. പദ്ധതി ഇനത്തില്‍ ചെലവഴിച്ച തുകയുടെ വിനിയോഗവും പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തിയ മാറ്റവും വിശദീകരിച്ചുകൊണ്ടാണ് ബെഹറ പത്രക്കുറിപ്പ് ഇറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com