വാക്ദ്ധാടിയും തന്ത്രകുശലതയുമുള്ള ഒരംഗമായി...; ആദ്യ കേരള നിയമസഭയുടെ ആദ്യ നടപടികളും പ്രസംഗങ്ങളും

60 വര്‍ഷം മുന്‍പ് 1957 ഏപ്രില്‍ 27ന് കേരളനിയമസഭയില്‍ ആദ്യമായി മുഴങ്ങിയ ശബ്ദങ്ങളിലൂടെ
വാക്ദ്ധാടിയും തന്ത്രകുശലതയുമുള്ള ഒരംഗമായി...; ആദ്യ കേരള നിയമസഭയുടെ ആദ്യ നടപടികളും പ്രസംഗങ്ങളും

1957 ഏപ്രില്‍ 27:

പ്രോ ടേം സ്പീക്കറായ റോസമ്മ പൂന്നൂസ് കേരള നിയമസഭയിലെ ആദ്യത്തെ ശബ്ദമാകുന്നു:

'ഓര്‍ഡര്‍, ഓര്‍ഡര്‍..... ദി ഫസ്റ്റ് ഐറ്റം ഓണ്‍ ദി അജന്‍ഡ ഈസ് മേക്കിങ് ഓഫ് ഓത്ത് ഓര്‍ അഫര്‍മേഷന്‍ ബൈ മെമ്പേഴ് അണ്ടര്‍ ആര്‍ട്ടിക്കിള്‍ 188 ഓഫ് ദി കോണ്‍സ്റ്റിറ്റിയൂഷന്‍.'

ഇംഗഌഷിലുള്ള റോസമ്മ പുന്നൂസിന്റെ ഈ വാചകങ്ങളോടെയാണ് കേരള നിയമസഭ സംസാരിച്ചു തുടങ്ങിയത്. അബ്ദുല്‍ മജീദില്‍ തുടങ്ങി ഡബഌു. എച്ച്. ഡിക്രൂസില്‍ അവസാനിക്കുന്ന 124 അംഗങ്ങള്‍ തുടര്‍ന്ന് സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. 

റോസമ്മ പുന്നൂസ്: അംഗങ്ങള്‍ക്ക് അറിയാവുന്നതുപോലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 1.30ന് നടക്കണം. നോമിനേഷന്‍ ലഭിക്കാനുള്ള അവസാന സമയം വരെഒരു നോമിനേഷന്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് ഞാന്‍ സഭയെ അറിയിക്കുകയാണ്. അത് ആര്‍. ശങ്കരനാരായണന്‍ തമ്പിയുടേതാണ്. ഇ.ഗോപാലകൃഷ്ണ മേനോന്‍ നിര്‍ദ്ദേശിക്കുകയും നാരായണന്‍ നമ്പ്യാര്‍ പിന്താങ്ങുകയും ചെയ്തതാണ് ആ അപേക്ഷ. ആ അപേക്ഷ സാധുവായതിനാല്‍ തെരഞ്ഞെടുപ്പ് ആവശ്യമില്ല. സഭയുടെ അനുവാദത്തോടെ അദ്ദേഹത്തെ സ്പീക്കറായി ഞാന്‍ പ്രഖ്യാപിക്കുകയാണ്. അഞ്ചുമണിക്ക് ഗവര്‍ണറുടെ പ്രസംഗത്തിനായി സഭ ചേരേണ്ടതുണ്ട്. സഭ ഇത് അംഗീകരിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു. 

(സഭ സ്പീക്കറുടെ തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നു.)    
റോസമ്മ പുന്നൂസ്: ശങ്കരനാരായണന്‍ തമ്പിയെ ഞാന്‍ സ്പീക്കറായി പ്രഖ്യാപിക്കുന്നു. 
(ശങ്കരനാരായണന്‍ തമ്പിയെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടും പ്രതിപക്ഷ നേതാവ് പി.ടി ചാക്കോയും ചേര്‍ന്ന് കസേരയിലേക്ക് ആനയിക്കുന്നു. സ്പീക്കര്‍ കസേരയില്‍ ഇരിക്കുന്നു)
മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട്: സര്‍, കേരള നിയമസഭയുടെ ഒന്നാമത്തെ സ്പീക്കറായി അങ്ങ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അങ്ങയെ ഹൃദയംഗമായി അഭിനന്ദിക്കുന്നു. ഗൗരവമേറിയ പല ചുമതലകളും അടുത്തദിവസം മുതല്‍ അങ്ങേക്കു നിര്‍വഹിക്കാന്‍ ഉണ്ടാകും. നാല് പാര്‍ട്ടികളും നാല് സ്വതന്ത്രന്മാരും ഉള്‍ക്കൊള്ളുന്ന ഈ നിയമസഭയിലെ എല്ലാ അംഗങ്ങളുടേയും അധികാരങ്ങലേയും അവകാശങ്ങളേയും യാതൊരു ലോപവും കൂടാതെ സംരക്ഷിക്കുന്നതിനുള്ള കഴിവും സാമര്‍ത്ഥ്യവും നീണ്ടകാലത്തെ സേവനപരിചയമുള്ള അങ്ങേയ്ക്കു കൈവന്നിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മുന്‍കാലങ്ങളില്‍ തിരുവിതാംകൂര്‍ നിയമസഭയിലും അതിനുശേഷം തിരുവിതാംകൂര്‍-കൊച്ചി നിയമസഭയിലും അങ്ങു പ്രശസ്ത സേവനം അനുഷ്ഠിച്ചയാളാണ്. ഇന്ന് ഈ സഭയിലെ എല്ലാ അംഗങ്ങളുടേയും അവകാശാധികാരങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതലയാണ് അങ്ങയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഭാരമേറിയ ഈ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നതിനു വേണ്ടി ഞാന്‍ എന്റെ പാര്‍ട്ടിയുടെ സകലവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും അതോടൊപ്പം അങ്ങേയ്കകു സകലവിധ ഭാവുകങ്ങളും ആംശസിക്കുകയും ചെയ്തുകൊള്ളുന്നു. 

പ്രതിപക്ഷ നേതാവ് പി.ടി ചാക്കോ: സര്‍, കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കറായി അങ്ങയെ തെരഞ്ഞെടുത്തിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി അങ്ങയെ അനുമോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അങ്ങ് ഇന്ത്യന്‍ വിപഌവത്തിന്റെ ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തു പ്രതിപക്ഷത്തിലെ ഒരംഗമായിരുന്നു എന്ന വസ്തുത ഞാന്‍ ഓര്‍ക്കുകയാണ്. വാക്ദ്ധാടിയും തന്ത്രകുശലതയുമുള്ള ഒരംഗമായി അങ്ങ് ആ കാലത്തു തന്നെ വെളിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അങ്ങേക്ക് ആ യോഗ്യതകളെല്ലാം ഭൂഷണമാണെങ്കിലും ആ വിധത്തിലുള്ള സാമര്‍ത്ഥ്യത്തേക്കാളും തന്ത്രകുശലതയേക്കാളും വാക്ദ്ധാടിയേക്കാളും അന്തിമമായി ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും നിഷ്പക്ഷമായും നീതിപൂര്‍വ്വമായും നിര്‍വഹിക്കുന്നതിനുള്ള പ്രത്യേകമായ ഒരു ആകാംക്ഷയും ഈ സഭയില്‍ പ്രകടിപ്പിക്കുന്ന എല്ലാ അഭിപ്രായങ്ങളും കേള്‍ക്കുന്നതിന് ഉള്ള സഹിഷ്ണുതയും പാകതയും ഏറ്റവും ആവശ്യമായിരിക്കുന്ന ഒരു സ്ഥാനമാണ് ഇപ്പോള്‍ അങ്ങേക്കു ലഭിച്ചിരിക്കുന്നത്. 
സര്‍, നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ അദ്ദേഹം തന്റെ പാര്‍ട്ടിബന്ധങ്ങള്‍ ഉപേക്ഷിക്കുക എന്നുള്ളത് സാധാരണ എല്ലാ നിയമസഭാ സ്പീക്കര്‍മാരും അനുവര്‍ത്തിച്ചുവരുന്ന ഒരു നയമാണ്. ഡെമോക്രസിയില്‍ വിശ്വസിക്കുന്ന പ്രതിപക്ഷത്തിരിക്കുന്ന ഞങ്ങളുടേതു പോലുള്ള പാര്‍ട്ടികളിലെ അംഗങ്ങള്‍ പാര്‍ട്ടിബന്ധങ്ങള്‍ ഉപേക്ഷിച്ചു പ്രവര്‍ത്തിക്കുക എന്നുപറഞ്ഞാല്‍ അതു കുറേക്കൂടി എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ അങ്ങേക്കു ഒരു കാര്യം വ്യക്തമാക്കേണ്ടതായിട്ടാണിരിക്കുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അങ്ങേക്കു പാര്‍ട്ടിബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതിനും ബാര്‍ട്ടി ബന്ധങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അതീതമായി ഈ ഉന്നതമായ സ്ഥാനത്തിരുന്ന് എത്രമാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിത്തരേണ്ട ഒരു സന്ദര്‍ഭം അങ്ങേക്കു ലഭിച്ചിരിക്കുകയാണ്. ഈ സഭയിലെ എല്ലാ ഭാഗത്തുമുള്ള അംഗങ്ങളുടെ അധികാരങ്ങളും അവകാശങ്ങലും സംരക്ഷിക്കുന്ന കാര്യത്തില്‍ അങ്ങേക്കുള്ള പ്രത്യേകമായ ചുമതലയെ ഞാന്‍ ഈ സന്ദര്‍ഭത്തില്‍ അനുസ്മരിപ്പിച്ചു കൊള്ളട്ടെ. പ്രത്യേകിച്ചു പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളേയും സംരക്ഷിച്ചു കൊടുക്കുന്നതിന് അങ്ങേക്കു പ്രത്യേക ചുമതല ഉണ്ടെന്നു കൂടി ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.

(തുടര്‍ന്ന് പട്ടം താണുപിള്ള, സി.എച്ച് മുഹമ്മദ് കോയ എന്നിവര്‍ കൂടി സ്പീക്കറെ അഭിനന്ദിക്കുന്നു. ശേഷം സ്പീക്കറുടെ നന്ദിപ്രസംഗം) 
സ്പീക്കര്‍: ഈ സഭ ഇപ്പോള്‍ പിരിയുന്നതും ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം കേള്‍ക്കുന്നതിനു വേണ്ടി അഞ്ചു മണിക്കു വീണ്ടും കൂടുന്നതുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com