സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക്: ഇടുക്കിയില്‍ ഇനി ബാക്കിയുള്ളത് 28 ദിവസത്തേക്കുള്ള വെള്ളം മാത്രം

സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക്: ഇടുക്കിയില്‍ ഇനി ബാക്കിയുള്ളത് 28 ദിവസത്തേക്കുള്ള വെള്ളം മാത്രം

ചെറുതോണി: വേനല്‍ ശക്തമായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക്. ഇരുപത് വര്‍ഷത്തെ കണക്കനുസരിച്ച് ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ ഇടുക്കിയിലും വൈദ്യുതി ഉത്പാദനം കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജലനിരപ്പ് 31 അടി കൂടി താഴ്ന്നാല്‍ അണക്കെട്ടിലെ വൈദ്യുതി ഉല്‍പാദനം നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥയിലാണ്. 

ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കടുത്ത വേനല്‍ അനുഭവപ്പെട്ടേക്കാമെന്ന കാലാവസ്ഥാ വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാത്തതാണ് സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തിലേക്ക് തള്ളിവിട്ടത്. എന്നാല്‍ ഈ സാഹചര്യത്തിലും ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ലെന്നാണ് വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയില്‍ പറഞ്ഞത്.

ജലനിരപ്പ് 2.280 അടിയില്‍ താഴെയായാല്‍ മൂലമറ്റത്തുള്ള വൈദ്യുതോല്‍പാദനം നിര്‍ത്തി വയ്‌ക്കേണ്ടി വരും. പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലിന്റ താഴെയാകും ജലനിരപ്പ് അതിനാല്‍ തന്നെ പിന്നീടുള്ള പ്രവര്‍ത്തനം നിലച്ചേക്കുമെന്നാണ് കരുതുന്നത്. കാലവര്‍ഷം വരാന്‍ വൈകുകയാണെങ്കില്‍ വൈദ്യുതിക്കായി തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com