സെന്‍കുമാറിന്റെ നിയമനം വൈകും, പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th April 2017 11:54 AM |
Last Updated: 28th April 2017 03:06 PM | A+A A- |

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടുന്നു. കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ ഇതിനായി സമീപിക്കാനാണ് നീക്കം. ഇതോടെ സെന്‍കുമാറിന്റെ പുനര്‍ നിയമനം വൈകുമെന്ന് ഉറപ്പായി.
സുപ്രീം കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സംസ്ഥാന ആഭ്യന്തര വകുപ്പിനു ലഭിച്ചു. നേരത്തെ വിധിയുടെ പകര്‍പ്പ് സെന്‍കുമാര്‍ തന്നെ എത്തിച്ചിരുന്നെങ്കിലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍നടപടികളിലേക്കു നീങ്ങാം എന്ന തീരുമാനത്തിലായിരുന്നു സര്‍ക്കാര്‍. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് തീരുമാനമെടുക്കണം എന്നു ചൂണ്ടിക്കാട്ടി നല്‍കിയ കത്തിന് ഒപ്പമാണ് സെന്‍കുമാര്‍ വിധി പകര്‍പ്പ് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു നല്‍കിയത്.
വിധി നടപ്പാക്കുമെന്നാണ് കോടതി ഉത്തരവു വന്നയുടനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിരുന്നില്ല. പുനപരിശോധനാ ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത കൂടി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് പിണറായിയുടെ അഭിപ്രായം എന്നാണ് സൂചന.
അതേസമയം സുപ്രീം കോടതി ഉത്തരവിനെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാനുള്ള സാധ്യത വിരളമാണെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.