ടാറ്റയെ സഹായിച്ചത് സിപിഎം, മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയെന്നും സിപിഐ

ഇടതു പ്രകടന പത്രികയില്‍ ഇല്ലാത്ത അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴാണ് സിപിഐ വിമര്‍ശനം ഉന്നയിക്കുന്നത്‌, തെറ്റുകള്‍ ഉണ്ടാവുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികം
ടാറ്റയെ സഹായിച്ചത് സിപിഎം, മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയെന്നും സിപിഐ

തിരുവനന്തപുരം: മൂന്നാറില്‍ ടാറ്റയെ സഹായിക്കുകയാണെന്ന സിപിഎമ്മിന്റെ ആക്ഷേപത്തിന് മറുപടിയുമായി സിപിഐ. ബംഗാളില്‍ ടാറ്റയെ സഹായിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും സിപിഎം ഇടപെട്ട് അതു തിരുത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ടാറ്റയുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് രൂക്ഷമായ ഭാഷയിലാണ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ പ്രതികരിച്ചത്. ബംഗാളിലെ സിംഗൂരില്‍ ടാറ്റയെ സഹായിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇടതു പ്രകടന പത്രികയില്‍ ഇല്ലാത്ത അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴാണ് സിപിഐ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുക എന്നതാണ് ഇടതു നയം. അതിനെതിരെ നിലപാടെടുക്കുമ്പോള്‍ വിമര്‍ശിക്കേണ്ടി വരും. തെറ്റുകള്‍ ഉണ്ടാവുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. അത് പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിന്റേതല്ല. പാര്‍ട്ടി ഒറ്റക്കെട്ടായാണ് ഇക്കാര്യത്തില്‍ നിലപാട് എടുത്തിട്ടുള്ളതെന്ന് കാനം വിശദീകരിച്ചു.

കയ്യേറ്റം ഒഴിപ്പിക്കലിന് പൂര്‍ണ പിന്തുണ നല്‍കാന്‍ യോഗം തീരുമാനിച്ചതായി കാനം പറഞ്ഞു. റവന്യൂ മന്ത്രിയെ യോഗം അഭിനന്ദിച്ചു. സര്‍ക്കാര്‍ നയം നിയമപരമായി നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടിക്കരുത്. ഇക്കാര്യത്തില്‍ സ്വതന്ത്രമായി മുന്നോട്ടുപോവാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കണം. 

സിപിഐ ടാറ്റയെ സഹായിക്കുന്നു എ്ന്ന മട്ടിലുള്ള വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. 1971ലെ സര്‍ക്കാരാണ് ടാറ്റയില്‍നിന്ന് 1,37,000 ഏക്കര്‍ നിയമം മൂലം ഏറ്റെടുത്തത്. ലാന്‍ഡ് ട്രൈബ്യൂണലിന്റെ അവാര്‍ഡ് അനുസരിച്ച് ഇതില്‍ 57,359 ഏക്കര്‍ തിരിച്ചുനല്‍കേണ്ടി വന്നു. പിന്നീട് ഇങ്ങോ്ട്ട് ടാറ്റയുടെ ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി നടത്തിയ ശ്രമങ്ങളിലെല്ലാം മുന്നില്‍ നിന്നത് സിപിഐയുടെ റവന്യൂ മന്ത്രിമാരാണെന്ന് കാനം ചൂണ്ടിക്കാട്ടി.

ഇടത് ഐക്യം കാത്തുസൂക്ഷിക്കാന്‍ സിപിഐ പ്രതിജ്ഞാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരെ ഇടതു, മതേതര, ജനാധിപത്യ ശക്തികളുടെ യോജിപ്പിനായുള്ള ശ്രമം നടക്കുന്നത് രഹസ്യമല്ലെന്ന് കാനം പറഞ്ഞു. ഏകാധിപത്യത്തിനെ എതിര്‍ക്കുക എന്നത് പാര്‍ട്ടിയുടെ നയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഏകാധിപത്യ ശൈലിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം ഇടപെട്ട് ഇതു തിരുത്തുകയാണ് വേണ്ടതെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com