മാവേലിക്കരയിലെ മാവോയിസ്റ്റ് യോഗം: അഞ്ചുപേര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും
By സമകാലിക മലയാളം ഡസ്‌ക് | Published: 29th April 2017 03:28 PM |
Last Updated: 29th April 2017 03:28 PM | A+A A- |

മാവേലിക്കര: എന്‍.ഐ.എ. കേരളത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത മാവോയിസ്റ്റ് കേസ്, മാവേലിക്കരയിലെ മാവോയിസ്റ്റ് യോഗത്തെക്കുറിച്ചുള്ള കേസില്‍ അഞ്ചുപേര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും ചുമത്താന്‍ ഉത്തരവ്. മാവേലിക്കര സ്വദേശി രാജേഷ് മാധവന്‍, കൊല്ലം സ്വദേശി വരദരാജന്‍, ഇന്ദിരാഗാന്ധി ആറ്റമിക് റിസര്‍ച്ച് സെന്ററിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഗോപാല്‍, ചിറയിന്‍കീഴ് സ്വദേശി ബാഹുലേയന്‍, അജയന്‍ മണ്ണൂര്‍ എന്നിവര്‍ക്കാണ് തടവും 5000 രൂപ വീതം പിഴയും ചുമത്തിയത്.
റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ നേതൃത്വത്തില്‍ മാവേലിക്കര ചെറുമഠം ലോഡ്ജില്‍ 2012 ഡിസംബര്‍ 29ന് യോഗം ചേര്‍ന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മാവോയിസ്റ്റ് അനുകൂല സംഘടനയാണ് ഇതെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. 2012 ഏപ്രില്‍ മാസത്തില്‍ രണ്ടുദിവസങ്ങളിലായി ഇതേ സംഘടനയുടെ അഖിലേന്ത്യാ സമ്മേളനം ഹൈദരാബാദില്‍ നടന്നിരുന്നു. ഈ യോഗത്തില്‍ വച്ച് നക്‌സല്‍ബാരി പാത സ്വീകരിക്കുവാനുള്ള ആഹ്വാനമുണ്ടായിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത അജയന്‍ മണ്ണൂരിന്റെ നേതൃത്വത്തില്‍ ഇതിനെത്തുടര്‍ന്നാണ് കേരളത്തില്‍, മാവേലിക്കരയില്‍ യോഗം ചേര്‍ന്നതെന്നും എന്‍ഐഎ കോടതിയില്‍ വാദിച്ചു.
രാജ്യദ്രോഹം, ഗൂഢാലോചന, എന്നിവയ്ക്കുപുറമെ യുഎപിഎ വകുപ്പുകളും ചേര്‍ത്തിരുന്നു. രാജ്യത്തിനെതിരെയുള്ള സമരമായിരുന്നു ഇവരുടേതെന്ന് സ്ഥാപിക്കാന്‍ സംഘടനയുടെ മാനിഫെസ്റ്റോ അടക്കം 274 രേഖകള്‍ വിചാരണയില്‍ ഹാജരാക്കി. യോഗത്തില്‍ പങ്കെടുത്തിരുന്ന രണ്ട് പെണ്‍കുട്ടികളെ, പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു എന്ന കാരണത്താല്‍ ഒഴിവാക്കി. ഷിയാസ് എന്നയാളെ മാപ്പുസാക്ഷിയാക്കിയുമാണ് അഞ്ചുപേര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചത്.