പോരിനിറങ്ങിയ സെന്‍കുമാറിനെ തളയ്ക്കാന്‍ വഴി തേടി സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th April 2017 07:54 AM |
Last Updated: 30th April 2017 07:54 AM | A+A A- |

തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ലക്ഷ്യം വെച്ച് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയതിന് പിന്നാലെ സെന്‍കുമാറിനെതിരായ കരുനീക്കങ്ങള്‍ സര്‍ക്കാര്‍ സജീവമാക്കിയതായി സൂചന.നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയതോടെ സെന്‍കുമാറിനെ തിരിച്ച് ഡിജിപിയായി നിയമിക്കണമെന്ന കോടതി ഉത്തരവ് എത്രയും വേഗം നടപ്പിലാക്കുകയല്ലാതെ സര്‍ക്കാരിന്റെ മുന്നില്‍ മറ്റ് വഴികളില്ല. എന്നാല്‍ സെന്‍കുമാറിനെതിരെ ആറ് കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വിവിധ യൂണിറ്റുകളിലായി ആറ് കേസുകളില്‍ സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുന്നതായാണ് ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി എംഡി ആയിരിക്കെ തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ അഴിമതി നടന്നു എന്നാണ് ഒരു പരാതി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന പരാതിയിലാണ് മറ്റൊരു അന്വേഷണം.
സെന്‍കുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ അംഗമാക്കാന്‍ നീക്കം നടന്നതിന് പിന്നാലെയാണ് ജേക്കബ് തോമസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വത്തിനുള്ള ഫയലില്‍ സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണങ്ങളുടെ വിശദാംശങ്ങളും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
എന്നാല്‍ വേനലവധിക്ക് സുപ്രീംകോടതി അടയ്ക്കുന്ന സാഹചര്യവും മുന്നില്‍ കണ്ടാണ് സെന്‍കുമാറിന്റെ നിയമനം സര്‍ക്കാര്‍ വൈകിപ്പിക്കുന്നതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. മേയ് 9 മുതല്‍ ജൂലൈ നാലുവരെയാണ് വേനലവധി. ജൂണ്‍ 30ന് സെന്‍കുമാറിന്റെ സേവനകാലാവധി അവസാനിക്കും. രണ്ട് അവധിക്കാല ബെഞ്ചുകളില്‍ ഉത്തരവിറക്കിയ അതേ ജഡ്ജിമാര്‍ ഇല്ലെങ്കില്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാനാകില്ല. ഈ സമയത്തിനിടയില്‍ സെന്‍കുമാര്‍ വിരമിക്കുമെന്ന സാധ്യതയും മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ നീക്കങ്ങളെന്നാണ് സൂചന.