അപ്പുണ്ണിയില്‍നിന്നു കിട്ടിയത് ദീലീപിനെ കുടുക്കുന്ന വിവരങ്ങള്‍, മാപ്പുസാക്ഷിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്നു കിട്ടിയത് നിര്‍ണായക വിവരങ്ങളെന്ന് പൊലീസ്
അപ്പുണ്ണിയില്‍നിന്നു കിട്ടിയത് ദീലീപിനെ കുടുക്കുന്ന വിവരങ്ങള്‍, മാപ്പുസാക്ഷിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്നു കിട്ടിയത് നിര്‍ണായക വിവരങ്ങളെന്ന് പൊലീസ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുതിയ ഘട്ടത്തിലേക്കു നീങ്ങുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അതേസമയം കേസില്‍ അപ്പുണ്ണി മാപ്പുസാക്ഷിയാവുമെന്ന അഭ്യൂഹം ശക്തമായി.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ചയാണ് അപ്പുണ്ണി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത്. നേരത്തെയും അപ്പുണ്ണിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നെങ്കിലും രണ്ടാം ഘട്ട ചോദ്യംചെയ്യലിനു മുമ്പായി അപ്പുണ്ണി ഒളിവില്‍ പോവുകയായിരുന്നു. ദീലീപില്‍നിന്നും സുനില്‍കുമാറില്‍നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ ചോദ്യങ്ങളാണ് കഴിഞ്ഞദിവസം പൊലീസ് അപ്പുണ്ണിയോടു ചോദിച്ചത്. സംഭവത്തില്‍ ദീലീപിന്റെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണ സംഘത്തെ കുഴക്കിയിരുന്ന ചില കാര്യങ്ങളില്‍ അപ്പുണ്ണിയില്‍നിന്ന് വ്യ്ക്തത ലഭിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെ നേരത്തെ അറിയാമെന്നാണ് അപ്പുണ്ണി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. അറിയാത്ത വിധത്തില്‍ ടെലിഫോണില്‍ സംസാരിച്ചത് ദിലീപ് നിര്‍ദേശിച്ച പ്രകാരമാണെന്നും ടെലിഫോണ്‍ സംഭാഷണം നടക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ട്. ദീലീപിന് സംഭവത്തിലെ പങ്കാളിത്തം വ്യക്തമാക്കുന്ന നിര്‍ണായക തെളിവാണ് അപ്പുണ്ണിയുടെ മൊഴി. മാത്രമല്ല ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്കാളിത്തത്തിലേക്കു നയിക്കുന്ന സൂചനകളും ഇതിലുണ്ട്. എന്നിട്ടും ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതോടെയാണ് അപ്പുണ്ണി മാപ്പുസാക്ഷിയാവുമെന്ന അഭ്യൂഹം ശക്തമായത്. കേസില്‍ മാപ്പുസാക്ഷിയുണ്ടാവുമെന്ന് നേരത്തെ തന്നെ പൊലീസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്നതിനുള്ള ആലോചനകള്‍ നടത്തിയിട്ടില്ലെന്നാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ദിലീപിന്റെ അടുത്ത സഹായിയായ അപ്പുണ്ണി ഏതു സമയവും മറുകണ്ടം ചാടിയേക്കാമെന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടുതന്നെ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്നത് സൂക്ഷിച്ചുമതി എന്നാണ് പൊലീസ് കരുതുന്നത്. അപ്പുണ്ണിയുടെ മൊഴി മജിസ്‌ട്രേറ്റിനു മുമ്പാകെ വച്ച് രേഖപ്പെടുത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട്.

കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ മാപ്പുസാക്ഷിയായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്വേഷണം ഇത്രയും പുരോഗിച്ചിട്ടും നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാതിരുന്നത് ഈ സംശയം ശക്തമാക്കി. എന്നാല്‍ ഗൂഢാലോചന ഘട്ടത്തില്‍ നാദിര്‍ഷയ്ക്ക് കാര്യങ്ങള്‍ അറിയില്ലായിരുന്നെന്നും പിന്നീട് ദിലീപിനെ രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ മാത്രമാണ് പാങ്കാളിത്തമുള്ളത എന്നുമാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com