പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണം എഡിജിപിയെ ലക്ഷ്യം വെച്ച്‌; പിന്നില്‍ വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍

സര്‍വീസില്‍ നിന്നും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനും, ഫോറന്‍സിക് വിദഗ്ധനുമാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണം എഡിജിപിയെ ലക്ഷ്യം വെച്ച്‌; പിന്നില്‍ വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പ്രചാരണം അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപിയെ മാറ്റിനിര്‍ത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 

സൈബര്‍ ഫോറന്‍സിക് ലാബിലെ പരിശോധനകള്‍ക്ക് ശേഷം മുദ്രവെച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു എന്ന ഗുരുതര ആരോപണമായിരുന്നു ഉയര്‍ന്നത്. 

നിര്‍ണായക തെളിവാകുന്ന ദൃശ്യങ്ങള്‍ എഡിജിപിയുടെ അടുത്ത ബന്ധു കഴിഞ്ഞ വര്‍ഷം വരെ പഠിപ്പിച്ച മെഡിക്കല്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ചുവെന്ന്‌ പ്രചരിപ്പിച്ച് എഡിജിപിയെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി നിര്‍ത്തിക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം. സര്‍വീസില്‍ നിന്നും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനും, ഫോറന്‍സിക് വിദഗ്ധനുമാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് ഡിജിപിയ്ക്ക് നല്‍കിയത്.   

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസിന്റെ വിചാരണ ഘട്ടത്തില്‍ ഇരകള്‍ കൂറുമാറിയാല്‍ പോലും ഈ ദൃശ്യങ്ങളുടെ നിയമസാധുക അന്വേഷണ സംഘത്തിന് പിടിവള്ളിയാകും. ദൃശ്യങ്ങള്‍ മെഡിക്കല്‍ കോളെജില്‍ പ്രദര്‍ശിപ്പിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫോറന്‍സിക് വിദഗ്ധരുടെ സംഘടനയായ കേരള മെഡികോ ലീഗല്‍ സൊസൈറ്റി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. 

ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന പരാതിയുടെ പേരില്‍ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് വിദ്യാര്‍ഥികള്‍, ക്ലാസെടുത്ത അധ്യാപകര്‍, കോളെജിലെ ഫോറന്‍സിക് വിഭാഗം മേധാവി എന്നിവരുടെ മൊഴി എടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com