മഅ്ദനിക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിനകത്തെ സുരക്ഷാചുമതല സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ കര്‍ണാടക പൊലീസിന് അധികം ചെലവു വരില്ല - ഇപ്പോള്‍ ചോദിക്കുന്ന തുക വളരെ കൂടിയതും മഅ്ദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യം
മഅ്ദനിക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ചതു പ്രകാരം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അതിനാല്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനല്‍കണമെന്നും മഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ബംഗഌരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅ്ദനിക്ക് വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കിയിരുന്നു. ആഗസ്റ്റ് 9ന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതിയും അനുമതി നല്‍കി. എന്നാല്‍ മാനുഷിക പരിഗണനയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ നിഷ്ഫലമാക്കുന്ന നിബന്ധനയാണ് ഇതു സംബന്ധിച്ച് കര്‍ണാടക പൊലീസ് ഏര്‍പ്പെടുത്തിയത്. മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്രയ്ക്ക് സുരക്ഷാചെലവായി കര്‍ണാടക പൊലീസിന് 14.29 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യം. മഅ്ദനി കേരളം സന്ദര്‍ശിക്കുന്നത് തടയുകയാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയിക്കണം.

2013നും 2016നും ഇടയ്ക്ക് മൂന്നു തവണ മഅ്ദനി വിചാരണത്തടവുകാരനായി കേരളം സന്ദര്‍ശിച്ചിരുന്നു. ആദ്യ രണ്ടു തവണയും മഅ്ദനിയില്‍നിന്നും പണമൊന്നും ഈടാക്കിയില്ല. മൂന്നാം തവണ അമ്പതിനായിരം രൂപ അടപ്പിച്ചു. ഇപ്പോള്‍ ചോദിക്കുന്ന തുക വളരെ കൂടിയതും മഅ്ദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യവുമാണ്.

കേരളത്തിനകത്തെ സുരക്ഷാചുമതല സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ കര്‍ണാടക പൊലീസിന് അധികം ചെലവു വരില്ല. അതിനാല്‍ ബംഗഌരു പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ട തുക കുറച്ചു നല്‍കണമെന്നും സുപ്രീം കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് മഅ്ദനിക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അവസരം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com