ഇപ്പോള്‍ കാണുന്ന 20 പേര്‍ മാത്രമാണ് വിമന്‍സ് ഇന്‍ സിനിമാ കളക്ടീവിലുള്ളതെന്ന് നടി ലക്ഷ്മി പ്രിയ

Published: 03rd August 2017 05:17 PM  |  

Last Updated: 03rd August 2017 06:11 PM  |   A+A-   |  

കോട്ടയം: സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമന്‍സ് ഇന്‍ സിനിമാ കളക്ടീവിനെ കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് നടി ലക്ഷ്മി പ്രിയ. സംഘടന രൂപികരിച്ചത് സിനിമാരംഗത്തെ മറ്റ് സ്ത്രീകളെ അറിയക്കാതെയാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനിടെ മമ്മൂട്ടി പറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ ഒരു സംഘടന രൂപികരിക്കപ്പെട്ട കാര്യം അറിഞ്ഞത്. അല്ലാതെ ഒന്നും ഈ സംഘടനയെ പറ്റി അറിഞ്ഞതുമില്ല. ഇതിന്റെ സംഘാടകര്‍ ആരും പറഞ്ഞതുമില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

കലാനിലയത്തിന്റെ ഹിഡുംബി എന്ന നാടകത്തിന് മുന്നോടിയായി കോട്ടയം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മിപ്രിയ. ഇപ്പോള്‍ കാണുന്ന ഇരുപത് പേര്‍ മാത്രമാണ് സംഘടനയിലുള്ളത്. ചലചിത്രമേഖലയിലെ മറ്റുള്ളവരാരും തന്നെ അംഗങ്ങളായില്ലെന്നും ലക്ഷ്മി പറഞ്ഞു.

അമ്മയുടെ ജനറല്‍ ബോഡി  യോഗത്തിനിടെ ആരും മോശമായി പെരുമാറിയിട്ടില്ലെന്നും ജയിലിലായ പ്രതിക്കൊപ്പമാണോ സംഘടനയെന്ന് പത്രക്കാര്‍ ചോദിച്ചപ്പോഴാണ് മുകേഷ് രോഷാകുലനായത്. വാര്‍ത്താസമ്മേളനത്തില്‍ ബഹളുമുണ്ടായത് ബോധപൂര്‍വമായിരുന്നില്ലെന്നും ആംബുലന്‍സ് വിതരണം വിതരണം ചെയ്യുന്നുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും കൂടിനിന്നത്. പ്രതിഫലം കിട്ടുന്ന കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതല്ലാതെ സിനിമാരംഗത്ത് നിന്ന് തനിക്ക് മോശം അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.