മാസ്റ്റര്‍ ബ്രെയ്ന്‍ അപ്പുണ്ണിയുടേത്; തെളിവു നശിപ്പിച്ചത് നാദിര്‍ഷയെന്നു സൂചന

അപ്പുണ്ണിയുടെ കാറ്ററിങ് വാനുകളില്‍ ഒന്നിന്റെ ഡ്രൈവര്‍ ആയിരുന്നു സുനിയെന്ന് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്
മാസ്റ്റര്‍ ബ്രെയ്ന്‍ അപ്പുണ്ണിയുടേത്; തെളിവു നശിപ്പിച്ചത് നാദിര്‍ഷയെന്നു സൂചന

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവങ്ങളുടെ ഗൂഢാലോചനയുടെ മാസ്റ്റര്‍ ബ്രെയിന്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍ രാജ് ആണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നതായി സൂചന. നടിയെ വാഹനത്തിനുള്ളില്‍ വച്ച് ഉപദ്രവിക്കുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ഉള്‍പ്പെടെയുള്ള പദ്ധതിയുടെ വിശദവിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളുടെ ശേഖരണം അവസാനഘട്ടത്തിലാണെന്നും അപ്പുണ്ണിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞതിനു വിരുദ്ധമായി സുനില്‍കുമാറിനെ നേരത്തെ അറിയാമായിരുന്നു എന്ന് അപ്പുണ്ണി പൊലീസിനോടു പറഞ്ഞിട്ടുണ്ട്. നടന്‍ മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്ന കാലം മുതലേ അറിയാം എന്നാണ് അപ്പുണ്ണിയുടെ മൊഴി. സുനില്‍ കുമാര്‍ ജയിയില്‍നിന്നു ടെലിഫോണില്‍ വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും ദിലീപ് നിര്‍ദേശിച്ചത് അനുസരിച്ചാണ് പരിചയമില്ലാത്തതുപോലെ സംസാരിച്ചതെന്നുമാണ് അപ്പുണ്ണി പൊലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതിലപ്പുറമുള്ള അടുപ്പം അപ്പുണ്ണിക്ക് സുനില്‍കുമാറുമായി ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

അപ്പുണ്ണിയുടെ കാറ്ററിങ് വാനുകളില്‍ ഒന്നിന്റെ ഡ്രൈവര്‍ ആയിരുന്നു സുനിയെന്ന് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ചതിന്റെ തലേന്ന് മൂന്നാറില്‍ നിന്നാണ് സുനി കാറ്ററിങ് വാനുമായി കൊച്ചിയിലേക്കു വന്നത്. മൂന്നാറിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സുനി നടിയെ തട്ടിക്കൊണ്ടുപോവുന്നതിനും ഉപദ്രവിക്കുന്നതിനുമുളള പദ്ധതി തയാറാക്കിയത്. ഇക്കാര്യം അപ്പുണ്ണിക്ക് അറിയാമായിരുന്നുവെന്ന് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പദ്ധതി ആസൂത്രണം ചെയ്തത് അപ്പുണ്ണിയായിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യത്തില്‍ അവസാന വട്ട പരിശോധനകള്‍ കൂടി നടത്തിക്കൊണ്ടിരിക്കുകയാണ് പൊലീസ്. അപ്പുണ്ണിയെ ചോദ്യം ചെയ്തതിനു പിന്നാലെ ജയിലില്‍ എത്തി സുനിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അപ്പുണ്ണി പറഞ്ഞ കാര്യങ്ങള്‍ ഉറപ്പിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. 

കേസിന്റെ ഒരു ഘട്ടത്തില്‍ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്നതിനുള്ള സാധ്യതകള്‍ പൊലീസ് ആലോചിച്ചിരുന്നു. അതിനിടെയാണ് ആസൂത്രണത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ അപ്പുണ്ണിയാണെന്ന സംശയം ഉയര്‍ന്നുവന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട് എന്നതിലാണ് ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം അപ്പുണ്ണിയെ വിട്ടയച്ചത്. കേസില്‍ അടുത്ത അറസ്റ്റ് അപ്പുണ്ണിയുടേതു തന്നെയായിരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് ആക്രമണ സമയത്ത് പള്‍സര്‍ സുനി നടിയോടു പറഞ്ഞിരുന്നു. ഇത് ആശയക്കുഴപ്പമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. സംശയം ദിലീപിലേക്ക് എത്താതിരിക്കാനായിരുന്നു ഈ തന്ത്രം. പ്രതികള്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ കണ്ടപ്പോള്‍ മാഡത്തിനോടു ചോദിക്കട്ടെ എന്നു പരാമര്‍ശിച്ചതും ഇത്തമരൊരു തന്ത്രമായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നടിയെ ആക്രമിക്കുന്നതിനായി നടത്തിയ ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്കു പങ്കില്ലെന്നാണ് പൊലീസ് ഈ ഘട്ടത്തില്‍ കരുതുന്നത്. എന്നാല്‍ അന്വേഷണം ദിലീപിലേക്കു നീണ്ട ഘട്ടത്തില്‍ സുഹൃത്തിനെ രക്ഷിച്ചെടുക്കാന്‍ നാദിര്‍ഷ ശ്രമം നടത്തിയിട്ടുണ്ട്. തെളിവു നശിപ്പിക്കലില്‍ അടക്കം നാദിര്‍ഷയ്ക്കു പങ്കുണ്ട്. തെളിവു നശിപ്പിച്ചതിന് നാദിര്‍ഷയെ പ്രതി ചേര്‍ക്കുന്ന കാര്യവും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്.

അതിനിടെ കേസിലെ മുഖ്യ തെളിവായ, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടോ എന്ന സംശയവും പൊലീസിനുണ്ട്. ഫോണ്‍ കത്തിച്ചുകളഞ്ഞതായാണ്, പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫ് പൊലീസിനോടു പറഞ്ഞത്. രാജു ജോസഫിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടിരുന്നു.

അതേസമയം കാവ്യാ മാധവന് ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഗൂഢാലോച സംബന്ധിച്ച് കാവ്യയ്ക്ക് അറിവുണ്ടായിരുന്നില്ല. സംഭവത്തിനു ശേഷം കാവ്യയുടെ കാക്കനാട്ടെ കടയില്‍ സുനിയും കൂട്ടാളിയും എത്തിയിരുന്നെങ്കിലും കാവ്യയെ കണ്ടിരുന്നോ എന്ന് പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. എന്നാല്‍ സുനിയെ അറിയില്ല എന്ന കാവ്യയുടെ മൊഴി സത്യമല്ല എന്നാണ് പൊലീസ് കരുതുന്നത്. കാവ്യയുടെ പല സെറ്റുകളിലും സുനി എത്തിയതായും ഡ്രൈവര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com