വിനായകനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സുഹൃത്തിന്റെ മൊഴി; കേസ് അട്ടിമറിക്കാന്‍ നീക്കം

പല പൊലീസുകാരും വിനായകനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സുഹൃത്തിന്റെ മൊഴി
വിനായകനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സുഹൃത്തിന്റെ മൊഴി; കേസ് അട്ടിമറിക്കാന്‍ നീക്കം

തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ ആത്മഹത്യ ചെയ്ത വിനായകന് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനം ഏറ്റിരുന്നതായി വിനായകന് ഒപ്പം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്ന യുവാവിന്റെ മൊഴി. വിനായകനൊപ്പം പൊലീസ് പിടികൂടിയ ശരതാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. 

പല പൊലീസുകാരും വിനായകനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. നേരത്തെ പുറത്തുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വിനായകന് ക്രൂരമായി മര്‍ദ്ദനമേറ്റതായി വ്യക്തമായിരുന്നു. ബൂട്ടിട്ട് ചവിട്ടിയ പാടുകള്‍ ഉള്‍പ്പെടെ വിനായകന്റെ ദേഹത്തുണ്ടായിരുന്നു. 

രേഖകള്‍ ഇല്ലാതെ വാഹനമോടിച്ചതിനാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. മാല മോഷണ കേസിലെ പ്രതികളെന്ന സംശയത്താലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് വേറൊരു വാദവും പൊലീസിനുണ്ട്. ജൂലൈ 17ന് റോഡരികില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു വിനായകനേയും, സുഹൃത്ത് ശരത്തിനേയും പൊലീസ് പിടിച്ചുകൊണ്ട് പോകുന്നത്. സ്റ്റഷനിലെത്തിയ വിനായകന്റെ അച്ഛനോട് വിനായകന്റെ മുടി മുറിക്കാനും പൊലീസ് നിര്‍ദേശിച്ചു. മുടി മുറിച്ചെങ്കിലും തൊട്ടടുത്ത ദിവസം വിനായകന്‍ ജീവന്‍ വെടിഞ്ഞു. 

വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ സമര്‍പ്പിച്ചെങ്കിലും, കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഉണ്ടാകുന്നതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന പവറട്ടി എസ്പിയെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന. ആത്മഹത്യ പ്രേരണ, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ഒഴിവാക്കിയാണ് എഫ്‌ഐആര്‍. 

വിനായകനെ അന്യായമായി തടവില്‍ വെച്ചു എന്നതിന് പകരം ഐപിസി 341ാം വകുപ്പ് പ്രകാരം അന്യായമായി തടസപ്പെടുത്തി എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com