വ്യാജ രസീത്: ബിജെപി നേതാവിന് ബിജെപിക്കാരുടെ മര്‍ദനം, പൊലീസില്‍ പരാതി

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പതിനഞ്ചോളം ബിജെപി പ്രവര്‍ത്തകര്‍ ചില കാര്യങ്ങള്‍ വെള്ളപേപ്പറില്‍ എഴുതി വാങ്ങി
വ്യാജ രസീത്: ബിജെപി നേതാവിന് ബിജെപിക്കാരുടെ മര്‍ദനം, പൊലീസില്‍ പരാതി

വടകര: ബിജെപി ദേശീയ എക്‌സിക്യൂട്ടീവിനായി വ്യാജ രസീത് ഉപയോഗിച്ച് പിരിവ് നടത്തിയത് ചോര്‍ത്തിയതായി കരുതപ്പെടുന്ന ബിജെപി ചെരണ്ടത്തൂര്‍ ബൂത്ത് പ്രസിഡന്റ് ടി.ശശികുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപിക്കാര്‍. കോളെജിനകത്ത് മാനേജ്‌മെന്റ് പ്രതിനിധികളും, പ്രിന്‍സിപ്പാളും തമ്മിലുള്ള യോഗം നടക്കുന്ന സമയത്ത് ഇവിടേക്ക് കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്ന ശശികുമാറിന്റെ പരാതിയില്‍ അഞ്ച് ബിജെപിക്കാര്‍ക്കെതിരെ കേസെടുത്തു.

പ്രിന്‍സിപ്പലിന്റേയും മാനേജ്‌മെന്റിന്റേയും അറിവോടെയാണ് ശശികുമാറിനെ മര്‍ദ്ദിച്ചതെന്നും ആരോപണമുണ്ട്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പതിനഞ്ചോളം ബിജെപി പ്രവര്‍ത്തകര്‍ ചില കാര്യങ്ങള്‍ വെള്ളപ്പേപ്പറില്‍ ഏഴുതി വാങ്ങി. കഴുത്തില്‍ പിടിച്ച് ഞെരിച്ചതിന് ശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ശശികുമാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബിജെപിയുടെ കുറ്റിയാടി മണ്ഡലം പ്രസിഡന്റ് പി.പി.മുരളി, സെക്രട്ടറി എടക്കുടി മനോജ്, വില്യാപ്പിള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രിതേഷ്, സെക്രട്ടറി സുനില്‍, മണയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രജീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ മര്‍ദ്ദിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ബിജെപിയുടെ നിലപാട്. രസീത് പ്രശ്‌നത്തില്‍ പരാതി കിട്ടിയപ്പോള്‍ അന്വേഷിക്കാന്‍ പോവുകയായിരുന്നു. കാര്യങ്ങള്‍ കൃത്യമായി എഴുതി ഒപ്പിട്ട് തരികയാണ് ശശികുമാര്‍ ചെയ്തതെന്നും ബിജെപി കുറ്റിയാടി മണ്ഡലം പ്രസിഡന്റ് പി.പി.മുരളി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com