ഞങ്ങള്‍ അതു പുറത്തുവിട്ടിട്ടില്ല: പൊലീസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ അടിസ്ഥാനരഹിതം

'നിങ്ങള്‍ ചോദിക്കുന്നതിനൊക്കെ ഞാന്‍ കൃത്യമായി മറുപടി പറയുന്നുണ്ടല്ലോ, എന്നാല്‍ മറ്റു ചിലര്‍ നേരേ മറുപടി പറയാതെ പുതിയ ആകാശം പുതിയ ഭൂമി എന്ന മട്ടിലല്ലേ പ്രതികരിക്കുക
ഞങ്ങള്‍ അതു പുറത്തുവിട്ടിട്ടില്ല: പൊലീസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ അടിസ്ഥാനരഹിതം

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചു മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സമകാലിക മലയാളം വാരിക ലേഖകന്‍ പുറത്തുവിട്ടുവെന്ന പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ അടിസ്ഥാന രഹിതം. ഇതു വ്യക്തമാക്കി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും സമകാലിക മലയാളം വാരിക എഡിറ്റര്‍ സജി ജയിംസ് കത്ത് നല്‍കി. റിപ്പോര്‍ട്ട് തള്ളണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു. ടി പി സെന്‍കുമാര്‍ നടിയേക്കുറിച്ചു മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന വനിതാ കൂട്ടായ്മയുടെ പരാതിയേക്കുറിച്ച് അന്വേഷിച്ച ഡിസിപി എന്‍ രമേഷ്‌കുമാര്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു കണ്ടെത്തല്‍ ഉള്ളതായി മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഐജി ആ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരിക്കുകയാണ്. നടിക്കെതിരായ പരാമര്‍ശത്തിന്റെ കാര്യത്തില്‍ സെന്‍കുമാര്‍ ബോധപൂര്‍വം വീഴ്ച വരുത്തിയില്ലെന്നും അഭിമുഖ സംഭാഷണത്തിനിടെ അദ്ദേഹത്തിനു വന്ന ഫോണ്‍കോള്‍ ലേഖകന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നും അങ്ങനെ സമൂഹമാധ്യമങ്ങളിലടക്കം വന്നുവെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് മനസിലാകുന്നത്. അങ്ങനെയാണ് മാധ്യമങ്ങളില്‍ വന്നിട്ടുള്ളത്. 

സമകാലിക മലയാളവുമായി ബന്ധപ്പെട്ട് ലേഖകനുള്‍പ്പെടെ ആരും അത്തരമൊരു വിവരം പുറത്തുവിട്ടിട്ടില്ല. മാത്രമല്ല, നടിയേക്കുറിച്ച് സെന്‍കുമാര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ത്തന്നെ, അത് ഞങ്ങളുടെ വാര്‍ത്തയല്ല, ഞങ്ങള്‍ പിന്തുടരുന്ന മാധ്യമ ധര്‍മവുമല്ല എന്ന് ചൂണ്ടിക്കാട്ടി ജൂലൈ 15ന് എഡിറ്റര്‍ പേരുവച്ച് എഴുതിയ വിശദീകരണമാണ് ഞങ്ങള്‍ക്ക് അതേക്കുറിച്ച് ഇപ്പോഴും ആവര്‍ത്തിക്കാനുള്ളത്. അത് സമകാലിക മലയാളം ഓണ്‍ലൈന്‍ ഹോം പേജില്‍ ഇപ്പോഴും നിലനിര്‍ത്തിയിട്ടുമുണ്ട്. ആ വിശദീകരണത്തില്‍ നിന്ന്:'സമകാലിക മലയാളത്തിനു നല്‍കിയ കത്തിന്റെ പകര്‍പ്പ് സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനു നല്‍കിയ മറുപടി ഞങ്ങള്‍ ഡിജിപിക്കു നല്‍കിയിട്ടുണ്ട്. ഈ കത്തിന്റെ പേരിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താനോ വാര്‍ത്തകളെ സ്ഥിരീകരിക്കാനോ ഈ ഘട്ടത്തില്‍ ഞങ്ങള്‍ തയാറല്ല. അത് ഉത്തമ മാധ്യമ പ്രവര്‍ത്തനമല്ലെന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. സ്വകാര്യ സംഭാഷണം വാര്‍ത്തയാക്കി മാറ്റി എന്ന ടിപി സെന്‍കുമാറിന്റെ ആരോപണം തെറ്റെന്നു തെളിയിക്കാന്‍ ചില കാര്യങ്ങള്‍ ഞങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്‌ഫോടനാത്മകമായ വാര്‍ത്തയാവുമായിരുന്ന ഈ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാതിരുന്നത് അത് മാധ്യമ ധര്‍മം അല്ലെന്ന ബോധ്യം കൊണ്ടാണ്. ഇത്തരം കാര്യങ്ങള്‍ ടിപി സെന്‍കുമാറിനെതിരെയോ മറ്റാര്‍ക്കെങ്കിലും എതിരെയോ ഉപയോഗിക്കുക എന്നതും സമകാലിക മലയാളത്തിന്റെ ലക്ഷ്യമല്ല. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇതുവരെ ഞങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റു മാധ്യമങ്ങളില്‍നിന്ന് സമ്മര്‍ദം ഉണ്ടായിട്ടുപോലും വിവാദമായ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് ഞങ്ങള്‍ പുറത്തുവിടാതിരുന്നത് അതുകൊണ്ടാണ്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയല്ല, അത് ഞങ്ങള്‍ പിന്തുടരുന്ന മാധ്യമ ധര്‍മവുമല്ല.'

വസ്തുത ഇതായിരിക്കെ, സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ ലേഖകന്‍ പുറത്തുവിട്ടു എന്ന കണ്ടെത്തല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലൊന്നായ സമകാലിക മലയാളത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് അനാവശ്യ സംശയം ഉയര്‍ത്തുന്നതുമാണ്. അതുകൊണ്ടാണ് അത് അടിസ്ഥാനരഹിതമാണ് എന്ന വസ്തുത ചൂണ്ടിക്കാണിക്കുകയും തള്ളിക്കളയണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുള്ളത്.

സെന്‍കുമാറുമായി സമകാലിക മലയാളം ലേഖകന്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖം അനുവാദമില്ലാതെയാണ് നടത്തിയതെന്ന സെന്‍കുമാറിന്റെ ആരോപണത്തിന് ഞങ്ങള്‍ മുമ്പേതന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് അദ്ദേഹം അനുവാദം നല്‍കിയതാണെന്നും റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചിരുന്നുവെന്നതും ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു; അഭിമുഖത്തിന്റെ ഭാഗമായി ലേഖനോട് പറഞ്ഞതല്ലാതെ ഒന്നും ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമില്ല. 'ഇനി എനിക്ക് തുറന്നു പറയാന്‍ തടസ്സങ്ങളൊന്നുമില്ല' എന്ന ആമുഖത്തോടെ സംസാരിച്ചു തുടങ്ങിയ അദ്ദേഹം, 'ഞാനീ പറയുന്നതില്‍ കൊടുക്കാന്‍ ( പ്രസിദ്ധീകരിക്കാന്‍ ) പറ്റാത്തതായി ഒന്നുമില്ല എന്നും ചോദ്യത്തിനു മറുപടിയായി പറയുന്നുണ്ട്. 'നിങ്ങള്‍ ചോദിക്കുന്നതിനൊക്കെ ഞാന്‍ കൃത്യമായി മറുപടി പറയുന്നുണ്ടല്ലോ, എന്നാല്‍ മറ്റു ചിലര്‍ നേരേ മറുപടി പറയാതെ പുതിയ ആകാശം പുതിയ ഭൂമി എന്ന മട്ടിലല്ലേ പ്രതികരിക്കുക' എന്ന് അദ്ദേഹം അഭിമുഖത്തിനിടെ ചോദിക്കുകയും ചെയ്തു. സ്വകാര്യ സംഭാഷണമല്ല എന്നതിന് ഇതൊക്കെ തെളിവുകളാണ്. ഇതെല്ലാം ഉള്‍പ്പെടുന്ന ഓഡിയോ ടേപ്പ് പൊലീസിന് ഞങ്ങള്‍ കൈമാറുകയും ചെയ്തതാണ്. 

അഭിമുഖത്തിനിടെ, അദ്ദേഹത്തെ കാണാന്‍ വന്ന മുന്‍ മാധ്യമ പ്രവര്‍ത്തകനോട് വരൂ, അനില്‍ എന്ന് പറയുന്നത്, വീടിന്റെ ഹാളില്‍ ഇരുന്ന നിലവിളക്ക് ആരുടെയെങ്കിലും കാലില്‍ത്തട്ടാതെ മാറ്റിവയ്ക്കൂ എന്ന് നിര്‍ദേശിക്കുന്നത്, സ്വന്തം സുരക്ഷാ ജീവനക്കാരില്‍ ആരോ പുറത്തുപോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ വേണമെങ്കില്‍ തന്റെ കാറെടുത്തുകൊള്ളൂ എന്ന് പറയുന്നത് തുടങ്ങി പലതും അനുസ്യൂതമായ റെക്കോര്‍ഡിങില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതൊക്കെ പിന്നീട് അഭിമുഖം കേട്ടെഴുതുമ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. അതുപോലെതന്നെയാണ് അദ്ദേഹത്തിനു വന്ന ഫോണ്‍ സംഭാഷണങ്ങളുടെ കാര്യവും. അദ്ദേഹം ആരോടോ ഫോണില്‍ സംസാരിക്കുന്നത് ലേഖകന്‍ ശ്രദ്ധിക്കേണ്ട കാര്യമല്ല, ശ്രദ്ധിച്ചുമില്ല. പിന്നീട് കേട്ടപ്പോള്‍ അത് വാര്‍ത്തയാക്കേണ്ടതില്ല എന്ന് ഉന്നത മാധ്യമ ധാര്‍മികതയെ മുന്‍നിര്‍ത്തി തീരുമാനിച്ചതുപോലെതന്നെ, അത് പുറത്തുവിടാതിരിക്കാനുള്ള വിവേചന ബുദ്ധിയും ഞങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com