മഅദനിയുടെ സുരക്ഷാ ചെലവ് 1,18,000 ആയി കുറച്ചു; കേരളത്തില്‍ തങ്ങാനുള്ള ദിവസങ്ങളും നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2017 12:56 PM  |  

Last Updated: 04th August 2017 03:49 PM  |   A+A-   |  

Bangalore_Blast13350

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ സുരക്ഷ ചെലവ് 1,18,000 രൂപയായി ആയി കുറച്ചു. നേരത്തെ കര്‍ണാടക സര്‍ക്കാര്‍ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട 15 ലക്ഷം രൂപയാണ് സുപ്രീംകോടതിയില്‍ കര്‍ണാടകം വെട്ടിക്കുറച്ചിരിക്കുന്നത്.

സുരക്ഷാ ചെലവ് കുറച്ചതിന് പുറമെ മഅദനിയുടെ സന്ദര്‍ശന കാലാവധി നാല് ദിവസം കൂടി നീട്ടിയിട്ടുമുണ്ട്. ആഗസ്റ്റ് ആറ് മുതല്‍ 19 വരെ മഅദനിക്ക് കേരളത്തില്‍ കഴിയാം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ടിഎയും, ഡിഎയും മാത്രമെ സുരക്ഷാ ചെലവില്‍ ഉള്‍പ്പെടുത്താവു എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിക്കുയ സുരക്ഷ ചെലവിന് കോടതി അംഗീകാരം നല്‍കി. 

എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. വ്യാഴാഴ്ച മഅദനിയുടെ അഭിഭാഷകരായിരുന്നു ഭീമമായ സുരക്ഷാ ചെലവ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ മഅദനിയുടെ സന്ദര്‍ശനം മുടക്കാനാണോ കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. സാമാന്യ ബുദ്ധി ഉപയോഗിച്ച് കര്‍ണാടക സര്‍ക്കാരിന് ചിന്തിച്ചുകൂടേയെന്നും, പൊലീസ് ഉദ്യോഗസ്ഥരുടെ തൊഴില്‍ദാതാവാണോ മഅദനിയെന്നും കോടതി ചോദിച്ചിരുന്നു. 

മഅദനിയുടെ സുരക്ഷ വഹിക്കാന്‍ തയ്യാറാണെന്ന കേരള സര്‍ക്കാരിന്റെ നിലപാടും കോടതി തള്ളിയിരുന്നു. കര്‍ണാടകത്തിന്റെ കസ്റ്റഡിയിലുള്ള വ്യക്തിക്ക് കേരളം സുരക്ഷ നല്‍കേണ്ടെന്നായിരുന്നു കോടതിയുടെ പ്രതികരണം.