കുറ്റപത്രം തയാറാവുന്നു, ദിലീപ് ജാമ്യം നേടുന്നത് തടയാന്‍ പൊലീസ് ഒരുമുഴം മുമ്പേ

ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാവും ദിലീപിനെതിരെ കുറ്റപത്രം നല്‍കുക
കുറ്റപത്രം തയാറാവുന്നു, ദിലീപ് ജാമ്യം നേടുന്നത് തടയാന്‍ പൊലീസ് ഒരുമുഴം മുമ്പേ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ കുറ്റപത്രം തയാറാവുന്നു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആയി കുറ്റപത്രം കോടതിയില്‍ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതുവഴി ദിലീപ് ജാമ്യം നേടി പുറത്തുവരുന്നത് തടയാനാവും. 

പുതിയ അഭിഭാഷകനെ വച്ച് ദിലീപ് വീണ്ടും ജാമ്യത്തിനായി ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കുറ്റപത്രം തയാറാക്കുന്നത് വേഗത്തിലാക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. കെ രാംകുമാറാണ് ദിലീപിനായി കോടതിയില്‍ ഹാജരായത്. ബി രാമന്‍പിള്ളയായിരിക്കും പുതിയ അഭിഭാഷകന്‍ എന്നാണ് വാര്‍ത്തകള്‍. പുതിയ വാദങ്ങളുമായി ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യാനായിട്ടില്ല, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായിട്ടില്ല എന്നീ വാദങ്ങളാണ് ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് മുഖ്യമായും  പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇത് അംഗീകരിച്ച കോടതി ദിലീപ് ചലച്ചിത്ര രംഗത്തെ പ്രമുഖനാണെന്നും ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ ഇടയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരാവുകയും മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള സാധ്യത ഏതാണ്ട് അടഞ്ഞെ്ന്നു പൊലീസ് തന്നെ സൂചന നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരായതായും എപ്പോള്‍ വേണമെങ്കിലും ഇനിയും ഹാജരാവാന്‍ തയാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കും. അതോടൊപ്പം മൊബൈല്‍ ഫോ്ണ്‍ കണ്ടെടുക്കുന്നതിനുള്ള പൊലീസ് ശ്രമം എവിടെയും എത്തിയിട്ടില്ലെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് നീക്കം. ഫോണ്‍ കത്തിച്ചുകളഞ്ഞതായാണ്, പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫ് നല്‍കിയിരിക്കുന്ന മൊഴി. ഇത് അവിശ്വസിക്കുന്ന പൊലീസ് ഫോണ്‍ സംസ്ഥാനത്തിനു പുറത്തേക്കു കടത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അതു സംബന്ധിച്ച തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. പുരോഗതിയില്ലാത്ത ഒരു അന്വേഷണത്തിന്റെ പേരില്‍ പ്രതിയെ അനിശ്ചിതമായി തടവില്‍ വയ്ക്കാനാവില്ല എന്ന വാദമാവും മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ ദിലിപീന്റെ അഭിഭാഷകന്‍ ഉന്നയിക്കുക. ഈ രണ്ടു കാര്യങ്ങളെയും പ്രതിരോധിക്കുക എളുപ്പമല്ല എന്നതിനാലാണ് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയിരിക്കുന്നത്.

ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാവും ദിലീപിനെതിരെ കുറ്റപത്രം നല്‍കുക. നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം തെളിയിക്കുന്നതിനുള്ള വസ്തുതകളും സാഹചര്യത്തെളിവുകളും ഉണ്ടെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന കുറ്റം ഗൂഢാലോചനയില്‍ പങ്കാളിയായ ആള്‍ക്കും ബാധകമാണ്. അങ്ങനെയാണ് ദിലീപിനെതിരെ ബലാത്സംഗ കുറ്റം ചുമത്തുക.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി നേരത്തെ കുറ്റപത്രം നല്‍കിയിട്ടുണ്ട്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിച്ചുവരികയാണെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. ഇതിലെ കുറ്റപത്രം എത്രയും വേഗം നല്‍കി രണ്ടു കേസുകളിലും ഒരുമിച്ചു വിചാരണ നടത്താനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കുന്ന പക്ഷം ദിലീപ് ജാമ്യം നേടി പുറത്തിറങ്ങുന്നതു തടയാനാവും. വിചാരണ വേഗത്തില്‍ തുടങ്ങാനുമാവും. ചലച്ചിത്ര രംഗത്ത് വലിയ സ്വാധീനമുള്ള ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നാണ് പൊലീസിന്റെ ആശങ്ക. കേസിന്റെ പ്രധാന സാക്ഷികളെല്ലാം ചലച്ചിത്ര മേഖലയില്‍നിന്നുള്ളവര്‍ ആയതുകൊണ്ട് അത് കേസിന്റെ ഗതിയെ നിര്‍ണായകമായി ബാധിക്കുമെന്ന് അവര്‍ കരുതുന്നു. ഇതു തടയുകയാണ് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കുന്നതിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്. ഇതിനായി അന്വേഷണ സംഘത്തില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com