ഞാനൊരു ഹിന്ദുവാണ്: ഹിന്ദുമതത്തിന് പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദീപാ  നിശാന്ത്

55 ശതമാനം ഹിന്ദുക്കളില്‍ വോട്ടിംഗ് ശതമാനത്തില്‍ പതിനാല് ശതമാനം മാത്രമുള്ളവര്‍ ഹിന്ദുക്കളുടെ പൊതു അഭിപ്രായമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല 
ഞാനൊരു ഹിന്ദുവാണ്: ഹിന്ദുമതത്തിന് പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദീപാ  നിശാന്ത്

തൃശൂര്‍: ഞാനൊരു ഹിന്ദുവാണ്. ഹിന്ദുമതത്തിന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. 55 ശതമാനം ഹിന്ദുക്കളില്‍ വോട്ടിംഗ് ശതമാനത്തില്‍ പതിനാല് ശതമാനം മാത്രമുള്ളവര്‍ ഹിന്ദുക്കളുടെ പൊതു അഭിപ്രായമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം സ്ഥാപിത താത്പര്യക്കാരുടെ ലക്ഷ്യം ഹിന്ദുമതത്തെ ചുരുക്കുകയാണെന്നും ദീപാ നിശാന്ത് പറഞ്ഞു. 

മതത്തെ സ്വന്തം സ്ഥാപിത താത്പര്യത്തിന് ഉപയോഗിക്കുമ്പോഴാണ് അവരെ ഹൈന്ദവ തീവ്രവാദികള്‍ എന്നുവിളിച്ചത്. ഹൈന്ദവ തീവ്രവാദികള്‍ എന്നുവിളിച്ചത് എല്ലാ ഹിന്ദുക്കളെയുമല്ല. ഞാന്‍ ഒരു മതത്തെയും അധിക്ഷേപിച്ചിട്ടില്ല. എല്ലാമതത്തിലും തീവ്രവാദികളുണ്ടെന്നും ദീപാ നിശാന്ത് പറഞ്ഞു. 

ബീഫ് ഫെസ്റ്റിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയില്‍ തനിക്ക് കൂടുതല്‍ ഫോളേവേഴ്‌സ് ഉണ്ടായത്. ശത്രുക്കളുമുണ്ടായത് ഇതിന് ശേഷമാണ്. സ്ത്രീ എന്ന നിലയില്‍ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നാണ് ശത്രുക്കള്‍ ഉണ്ടായത്. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ വലിയ മാറ്റങ്ങള്‍ എന്നിലുണ്ടാക്കിയിട്ടുണ്ട്. സംഘ്പരിവാര്‍ ഭാഗത്തുനിന്നാണ് തനിക്കെതിരെ വലിയ എതിര്‍പ്പുകള്‍ ഉയരുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് ഏതൊരു പൗരനും അഭിപ്രായം പറയുന്നതുപോലെ മാത്രമെ ഞാനും അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളു. എല്ലാ  കാര്യത്തിലും അഭിപ്രായം പ്രകടനം നടത്തണമെന്ന് ചിലര്‍ വാശിപ്പിടിക്കുമ്പോള്‍ അവരോട് പറയാനുള്ളത് ഞാനൊരു പ്രതികരണ തൊഴിലാളിയല്ലെന്നും ദീപാ നിശാന്ത് പറഞ്ഞു.

കേരളവര്‍മ്മ കേളേജില്‍ നേരത്തെയും അസഹിഷ്ണുതയ്ക്കും അധികാരി വര്‍ഗത്തിനെതിരെയും ഇത്തരത്തിലുള്ള പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എംഎഫ് ഹുസൈന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് മോശമായി തോന്നിയിട്ടില്ല. ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ ഭാഗമായി ഹിന്ദു എന്ന നിലയില്‍ തന്റെ വികാരം വൃണപ്പെട്ടിട്ടില്ല. ചില പ്രത്യേക തരം ഹിന്ദുക്കളുടെ വികാരം മാത്രമാണ് വൃണപ്പെട്ടത്. വര്‍ഗീയ ശക്തികള്‍ക്കെതിരെ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ കേരളത്തിലായതുകൊണ്ടുമാത്രമാണ് ഇത്ര വലിയ പിന്തുണ ലഭിക്കുന്നത്. ഉത്തേരന്ത്യയിലോ മറ്റോ ആയിരുന്നെങ്കില്‍ ഇങ്ങനെ പ്രതികരിക്കാനാകില്ല. അസഹിഷ്ണുത എല്ലാ വിഭാഗങ്ങളിലുമുണ്ടെന്നും ചില കാര്യങ്ങളില്‍ സിപിഎമ്മിനും അസഹിഷ്ണുതയുണ്ടെന്നും ദീപ പറഞ്ഞു. തന്റെ ചിത്രം വികലമായി പ്രദര്‍ശിപ്പിച്ചതിലൂടെ എനിക്ക് തെല്ലും അസിഹിഷ്ണുതയുണ്ടായിട്ടില്ല. എന്നാല്‍ ഊ ചിത്രം എന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വേദനിപ്പിച്ചിട്ടുണ്ട്. ഇത് തന്നെ വേദനിപ്പിക്കാതിരുന്നത് ജീവിതാനുഭവങ്ങളിലൂടെയും വായനയിലൂടെയും നേടിയ ധൈര്യമാണെന്നും ദീപ പറഞ്ഞു. 

ക്യാംപസുകളിലാണ് ഇത്തരം സ്ഥാപിത താത്പര്യങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നത്. ഇത് കൊണ്ടാണ് ഇവര്‍ ക്യാംപസുകളെ ഭയപ്പെടുന്നതും എതിര്‍ക്കുന്നതും. മാഗസിനുകളെ പോലും ഭീതിയോടെയാണ് കാണുന്നത്. രാജ്യത്തെ ക്യാംപസുകള്‍ രാഷ്ട്രീയ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്നും ദീപ പറയുന്നു. എല്ലാവര്‍ക്കും ഒരേപോലെ അഭിപ്രായം പ്രകടനം നടത്താന്‍ കഴിയുന്ന മാധ്യമമാണ് ഫെയ്‌സ്ബുക്ക്. എന്നാല്‍ അച്ചടി മാധ്യമങ്ങള്‍ എന്നും വളരെ എസ്റ്റാബ്ലിഷുകളായ ആളുകള്‍ക്ക് മാത്രമാണ് പരിഗണന നല്‍കുക. അച്ചടി മാധ്യമങ്ങള്‍ ഏറെ തമസ്‌കരിച്ച ഒരാളാണ് താനെന്നും അതില്‍ പ്രയാസമില്ലെന്നും ദീപ പറഞ്ഞു. ഞാന്‍ അഭിപ്രായ പ്രകടനം നടത്തുന്നത് എന്തെങ്കിലും ഭൗതിക നേട്ടത്തിന് വേണ്ടിയല്ലെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും ന്യസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപാ നിശാന്ത് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com