ദിലീപിനെ കഴുകനും കഴുതപ്പുലിക്കും തിന്നാന്‍ കൊടുക്കില്ല; ദിലീപിന് പിന്തുണയുമായി കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ പൂര്‍ത്തിയാകും - നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി കുടതല്‍ സിനിമാക്കാര്‍ രംഗത്ത്
ദിലീപിനെ കഴുകനും കഴുതപ്പുലിക്കും തിന്നാന്‍ കൊടുക്കില്ല; ദിലീപിന് പിന്തുണയുമായി കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍

കൊച്ചി:കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി കുടതല്‍ സിനിമാക്കാര്‍ രംഗത്ത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നടന്‍ അനിലും സംവിധായകന്‍ സജീവന്‍ അന്തിക്കാടും നിര്‍മ്മാതാവ് സുരേഷ് കുമാറുമാണ് ഏറ്റവുമൊടുവില്‍
ദീലീപിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 

അനില്‍ പറയുന്നത് ഇങ്ങനെ: ആത്മവിശ്വാസത്തോടുകൂടി പറയുകയാണ് ഇനി ദിലീപിനെ വെറുതെ വിടണം. കഴുകന്‍മാരും കഴുത പുലികളും വളഞ്ഞ് നില്‍ക്കുന്നത് കണ്ട് നില്‍ക്കുന്നതും ദുരന്തം തന്നെ. സമന്ത പഞ്ചകത്തിലെ സുയോധനന്നെപോലെ.. പണ്ട് വിവാഹമോചന കേസില്‍ അയാള്‍ക്കെതിരേ ഒരു വീഡിയോ കോര്‍ട്ടില്‍ എത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതും ഇതുപോലെ അന്വേഷിക്കപ്പെട്ടു ശിക്ഷിക്കപ്പെടണ്ടേ.. സ്വന്തമായ അഭിപ്രായം പറയാന്‍ ഇപ്പോ പേടിയാണ്.

സ്ത്രീവിരുദ്ധനായും, ദളിത് വിരുദ്ധനായും, സംഘിയായും, മാവോയിസ്റ്റായും ഒറ്റയടിക്ക് മാറി പോവും. എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടാവും ശിക്ഷിക്കപ്പെട്ടത്.. പക്ഷേ ഇനിയും കഴുത പുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലാന്നു തോന്നുന്നുവെന്നാണ് അനില്‍ പറയുന്നത്. 

സജീവന്‍ അന്തിക്കാട്: മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം തകര്‍ക്കാന്‍ കാരണക്കാരിയായി പ്രവര്‍ത്തിച്ചത് നടിയാണെന്ന് അറിഞ്ഞപ്പോഴുണ്ടായ വൈരാഗ്യമാണ് കുറ്റകൃത്യത്തിനുള്ള പ്രേരണയെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ വിവാഹമോചനത്തില്‍ എന്തെങ്കിലും വൈരാഗ്യമുണ്ടാകേണ്ടത് മഞ്ജുവിനല്ലേ?, മാത്രമല്ല ഇപ്പോള്‍ പൊലീസ് കേസന്വേഷിച്ച് ദിലീപിന്റെ മറ്റൊരു കല്യാണം വരെ കണ്ടെത്തിയിരിക്കുകയാണ്. വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ എന്ന ഗീതാ വചനം പോലെ മുഷിഞ്ഞതുമാറ്റി പുതിയ ദേഹം തേടുന്ന ആത്മാവാണ് ദിലീപെങ്കില്‍ ടിയാന് ഭാര്യ പോകുന്നതില്‍ എന്താണ് വൈരാഗ്യം. ആയതിനാല്‍ കുറ്റകൃത്യത്തിനുള്ള പ്രേരണയായി പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്ന വാദം ദുര്‍ബലമാണ്. 

അതേസമയം കൊടുംകുറ്റവാളിയായ സുനില്‍ കുമാറിന്റെ വാക്കുകേട്ടാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതെന്നാണ് നിര്‍മ്മാതാവായ സുരേഷ് കുമാര്‍ പറയുന്നത്. കൃത്യമായ അന്വേഷണം നടത്തിയാവണം കുറ്റാരോപിതനെ അന്വേഷണസംഘം കണ്ടെത്തേണ്ടത്. അല്ലാതെ കുറ്റവാളിയായ വ്യക്തിപറയുന്നത് കേട്ടാവരുതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 

സംഭവത്തില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ചെയ്യാത്ത കുറ്റത്തിനാണ് ദിലീപ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ്അയാള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നും സുനി ചെയ്ത കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ആരുടെയൊക്കയോ തലയില്‍ കെട്ടിവയ്ക്കാനാണ് സുനിലിന്റെ ശ്രമമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ പൂര്‍ത്തിയാകും. തിങ്കളാഴ്ചക്ക് ശേഷമുള്ള ഏത് ദിവസവും ദിലീപിന്റെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com