ജന്‍ ഔഷധി തട്ടിപ്പ്: എഎന്‍ രാധാകൃഷ്ണനെതിരെ സിബിഐ അന്വേഷണം
By സമകാലികമലയാളം ഡെസ്‌ക് | Published: 09th August 2017 10:34 AM |
Last Updated: 09th August 2017 03:58 PM | A+A A- |

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധിയുടെ പേരില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സിബിഐ പ്രാഥമിക അന്വേഷണത്തിനൊരുങ്ങുന്നു. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്നകള്‍ എത്തിക്കുന്ന പദ്ധതിയാണിത്.
കോണ്‍ഗ്രസ് നേതാവ് അഡ്വ. ദിലീഷ് ജോണ്‍ എന്നയാളുടെ പരാതിയില്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ജന്‍ ഔഷധിയുടെ സ്റ്റോറുകള്‍ ആരംഭിക്കാന്‍ അപേക്ഷിച്ചവരില്‍ ചിലരാണ് അഴിമതി ആരോപണം ഉന്നയിച്ചത്. അവരില്‍ നിന്നും ഉടന്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചതായി ദിലീഷ് ജോണ്‍ പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് 50 ശതമാനം വിലക്കിഴിവില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ ആരംഭിച്ചത്. ഇതിന്റെ മറവില്‍ കേരളത്തില്‍ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നേഷന്‍, സൈന്‍ എന്ന സംഘടന രൂപീകരിച്ച് തട്ടിപ്പ് നടത്തുന്നതായി പരാതി നല്‍കിയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ ഈ സംഘടന കോടികള്‍ തട്ടുന്നുവെന്ന് ആരോപിച്ച് അഡ്വ. ദിലീഷ് ജോണ്‍ എന്നയാള്‍ കൊച്ചി സിബിഐ യൂണിറ്റിന് പരാതി നല്‍കിയത്.
സൊസൈറ്റിക്ക് ഒരു അപേക്ഷക 1,17,000 രൂപ നല്‍കിയെന്ന് ആരോപിക്കുന്ന ശബ്ദരേഖയടക്കം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഗവണ്‍മെന്റ് അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് gov janaushadhi എന്ന പേരില്‍ ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്ന് അപേക്ഷകയായ ഡോക്ടര്‍ ശബ്ദരേഖയില്‍ പറയുന്നു.
ജന്‍ ഔഷധി പദ്ധതിയുടെ പേരില്‍ കേരളത്തില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ജൂലൈ അവസാനം ഉത്തരവിട്ടതായി വാര്‍ത്തയുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ബിജെപി നേതാക്കള്‍ തന്നെ പരാതി നല്‍കിയിരുന്നു. പദ്ധതിയെ തകര്‍ക്കാന്‍ സ്വകാര്യ മരുന്നുലോബി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് രാധാകൃഷ്ണന്‍ കേന്ദ്രനേതൃത്വത്തോട് വിശദീകരിച്ചതോടെ കേന്ദ്രം അന്വേഷണം ഒഴിവാക്കുകയും ചെയ്തു.
108 ജന്‍ ഔഷധി സ്‌റ്റോറുകള്‍ തുടങ്ങാനാണ് രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റിക്ക് അനുമതി നല്‍കിയത്. അപേക്ഷകരില്‍ നിന്ന് 2000 രൂപ റജിസ്‌ട്രേഷന്‍ ഫീസും വാങ്ങിയിരുന്നു. എന്നാല്‍ നൂറു രൂപയായിരുന്നു യഥാര്‍ഥ ഫീസ്. 22 സ്‌റ്റോറുകള്‍ ഇപ്പോള്‍ വിവിധയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, യൂണിഫോമല്‍ ഫര്‍ണീഷിംഗ് വേണമെന്ന് തെറ്റിദ്ധരിപ്പിച്ച് അലമാരികളും മറ്റും നിര്‍മ്മിക്കാന്‍ മൂന്നരലക്ഷം വരെ വാങ്ങുകയും ചെയ്യുന്നു. ഇത്തരത്തില്‍ പണം നല്‍കിയതായി ചിലര്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.