മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ വി.വി രാജേഷിനെതിരെ ബിജെപി അച്ചടക്ക നടപടി 

ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അച്ചടക്ക നടപടി
മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ വി.വി രാജേഷിനെതിരെ ബിജെപി അച്ചടക്ക നടപടി 

തിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വിവി രാജേഷിനെതിരെ നടപടി. രാജേഷിനെ സംഘടന ചുമതലകളില്‍ നിന്നും മാറ്റി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അച്ചടക്ക നടപടി. 

പാര്‍ട്ടി ദേശീയ കൗണ്‍സിലിന്റെ പേരില്‍ വ്യാജ രസീത് അടിച്ച് പിരിവ് നടത്തിയ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയ സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് പ്രഭുല്‍ കൃഷ്ണയേയും സംഘടന ചുമതലകളില്‍ നിന്ന് മാറ്റി. ഈ രണ്ടുപേരേയും സംഘടന ചുമതലകളില്‍ നിന്ന് മാറ്റിയത് പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്തിട്ടില്ലയെന്നാണ് ലഭിക്കുന്ന വിവരം.  

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തായത് ബിജെപിയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. എംടി രമേശ് അടക്കമുള്ള നേതാക്കളെ മനപ്പൂര്‍വ്വം കുടുക്കാനായി ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് മെഡിക്കല്‍ കോഴ ആരോപണമെന്ന് ആര്‍എസ് വിനോദ് അന്ന് ആരോപിച്ചിരുന്നു. ആര്‍എസ് വിനോദിനെ ആദ്യം തന്നെ പുറത്താക്കിയിരുന്നു. വര്‍ക്കല ആര്‍ എസ് മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കാനായി 5.6 കോടി രൂപ ബിജെപി നേതാക്കള്‍ക്ക് നല്‍കിയെന്നാണ് പരാതി. ഇതോടൊപ്പം ചെര്‍പ്പുളശേരിയില്‍ തുടങ്ങാനിരുന്ന മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കാന്‍ അഞ്ചുകോടി രൂപ കോഴ വാങ്ങിയെന്നും പരാതിയുണ്ട്.

ഈ പരാതിയിന്‍മേല്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും വന്‍ കോഴ പുറത്താകുകയും ചെയ്തത് ബിജെപിയുടെ അഴിമതി വിരുദ്ധ മുഖം തകര്‍ത്തിരുന്നു. 

അഴിമതി നടത്തിയതിന്റെ പേരിലല്ല, അഴിമതി പുറത്തറിയച്ചതിന്റെ പേരിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com