ആര്‍ത്തവ അവധി മാറ്റിനിര്‍ത്തലായി മാറരുതെന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2017 08:11 PM  |  

Last Updated: 11th August 2017 11:29 PM  |   A+A-   |  

തിരുവനന്തപുരം: സ്ത്രീകളുടെ ജൈവികമായ സവിശേഷതകള്‍ കണക്കിലെടുത്ത് ആര്‍ത്തവ അവധിയെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ അതൊരു മാറ്റിനിര്‍ത്തലായി മാറാനും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെ സ്വകാര്യത കൂടി അടങ്ങുന്ന കാര്യമാകയാല്‍ എല്ലാ വശങ്ങളെ സംബന്ധിച്ചും ഒരു പരിശോധന നടത്തി പൊതു നിലപാട് സ്വീകരിക്കേണ്ടതെന്നും പിണറായി വ്യക്തമാക്കുന്നു. 

സ്ത്രീകള്‍ക്ക് ഇപ്പോള്‍ പ്രസവാവധിയുണ്ട്. പ്രസവാവധിയുടെ കാലയളവ് മുമ്പത്തേക്കാള്‍ ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ചില മേഖലകളില്‍ ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. അതുപോലെ ആര്‍ത്തവാവധിയെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, ഇതിന്റെ മറ്റൊരു വശം നാം കാണാതിരുന്നുകൂടാ. ആര്‍ത്തവകാലത്ത് സ്ത്രീകളെ എല്ലാ ജോലികളില്‍ നിന്നും തെറ്റായ വിശ്വാസങ്ങളുടെ ഭാഗമായി അയിത്തം കല്‍പ്പിച്ച് പൊതു ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്ന സ്ഥിതിയും ചില വിഭാഗങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നും അത് പൂര്‍ണ്ണമായി അവസാനിച്ചു എന്ന് പറയാന്‍ കഴിയില്ലെന്നും പിണറായി പറയുന്നു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം

ആര്‍ത്തവമെന്നത് സ്ത്രീകളുടെ ജൈവികമായ സവിശേഷതയാണ്. അതിനെ ആ നിലയിലാണ് സമൂഹം കാണേണ്ടത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുമുണ്ട്.
സ്ത്രീകള്‍ക്ക് ഇപ്പോള്‍ പ്രസവാവധിയുണ്ട്. പ്രസവാവധിയുടെ കാലയളവ് മുമ്പത്തേക്കാള്‍ ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ചില മേഖലകളില്‍ ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. അതുപോലെ ആര്‍ത്തവാവധിയെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, ഇതിന്റെ മറ്റൊരു വശം നാം കാണാതിരുന്നുകൂടാ. ആര്‍ത്തവകാലത്ത് സ്ത്രീകളെ എല്ലാ ജോലികളില്‍ നിന്നും തെറ്റായ വിശ്വാസങ്ങളുടെ ഭാഗമായി അയിത്തം കല്‍പ്പിച്ച് പൊതു ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്ന സ്ഥിതിയും ചില വിഭാഗങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നും അത് പൂര്‍ണ്ണമായി അവസാനിച്ചു എന്ന് പറയാന്‍ കഴിയില്ല.
സ്ത്രീകളുടെ ജൈവികമായ സവിശേഷതകള്‍ കണക്കിലെടുത്ത് ആര്‍ത്തവ അവധിയെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ അതൊരു മാറ്റിനിര്‍ത്തലായി മാറാനും പാടില്ല. സ്ത്രീകളുടെ സ്വകാര്യത കൂടി അടങ്ങുന്ന കാര്യമാകയാല്‍ എല്ലാ വശങ്ങളെ സംബന്ധിച്ചും ഒരു പരിശോധന നടത്തി പൊതു നിലപാട് സ്വീകരിക്കേണ്ടതുണ്ട്.