ദിലീപിനെ കാണാന്‍ അമ്മ സരോജം സബ് ജയിലിലെത്തി

Published: 11th August 2017 04:42 PM  |  

Last Updated: 11th August 2017 05:15 PM  |   A+A-   |  

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജവും സഹോദരന്‍ അനൂപും ആലുല സബ്ജയിലിലെത്തി. ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് ഇവര്‍ ജയിലിലെത്തിയത്. ദിലീപ് അറസ്റ്റിലായി ഒരുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് അമ്മ സബ്ജയിലിലെത്തുന്നത്. പതിനഞ്ച് മിനിറ്റോളം ഇവരുടെ കൂടിക്കാഴ്ച നീണ്ടു.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ശരത്തും സബ്ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ല. ഇതിന് മുമ്പ് സഹോദരന്‍ അനൂപിനെയല്ലാതെ മറ്റ് അടുത്ത ബന്ധുക്കളൊന്നും ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയിരുന്നില്ല. അമ്മയും മകളും ഭാര്യ കാവ്യമാധവനും തന്നെ ജയിലില്‍ തന്നെ കാണാന്‍ വരരുതെന്ന് നിര്‍ദേശിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ദിലിപിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അമ്മ മകനെ കാണാന്‍ എത്തുകയായിരുന്നു. രണ്ട് തവണ ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും രണ്ട് തവണയും കോടതി തള്ളുകയായിരുന്നു. ദിലിപിന്റെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതിയില്‍ നല്‍കിയിരുന്നെങ്കിലും വിശദമായി വാദം കേള്‍ക്കുന്നതിനായി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷന്‍ രേഖാമൂലമുള്ള വിശദീകരണം വെള്ളിയാഴ്ച നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദിലീപിന് ജാമ്യം ലഭിക്കുന്ന സാഹചര്യമൊഴിവാക്കുന്നതിനായി അന്വേഷണസംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.