ബിസിസിഐ ദൈവത്തിന് മുകളിലല്ലെന്ന് ശ്രീശാന്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2017 06:57 PM  |  

Last Updated: 11th August 2017 07:00 PM  |   A+A-   |  

കൊച്ചി: വിലക്ക് നീക്കിയതിനെതിരെ അപ്പീല്‍ നല്‍കാനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എസ് ശ്രീശാന്ത്. ബിസിസിഐ ദൈവത്തിന് മുകളിലല്ലെന്നും ശ്രീശാന്ത് പറഞ്ഞു. ജീവനോപാധിയാണ് തിരികെ ചോദിക്കുന്നത്. ആരോടും യാചിക്കാനില്ല, നിരപരാധിത്വം തെളിയിച്ചിട്ടും അനീതി തുടരുകായാണെന്നും ശ്രീശാന്ത് പറഞ്ഞു.

ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മലയാളിത്താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ബിസിസിഐയുടെ നീക്കം.ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. കുറ്റാരോപിതര്‍ക്കെതിരെ ബോര്‍ഡിന്റെ അച്ചടക്കസമിതിയെടുത്ത നടപടിക്കുമേല്‍ കോടതിവിധി നിലനില്‍ക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു

അപ്പീല്‍ നല്‍കരുതെന്ന വൈസ്പ്രസിഡന്റ് ടിസി മാത്യു ഉള്‍പ്പടെയുള്ളവരുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിധിയില്‍ കൂടുതല്‍ പഠിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക.

ഐപിഎല്‍  2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ചാണ് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു ബിസിസിഐയുടെ അച്ചടക്ക നടപടി. വാതുവെയ്പില്‍ ശ്രീശാന്തിനെ ബന്ധിപ്പിക്കാന്‍ മതിയായ തെളിവില്ലെന്നും വിലയിരുത്തിയാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ശ്രീശാന്തിന്റെ ആജീവാനന്ത വിലക്കും ശിക്ഷാ നടപടിയും റദ്ദാക്കി ഉത്തരവിട്ടത്