പൊലീസും ദിലീപും പറയുന്നത് ശരി; ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാനാകില്ലെന്ന് ബെഹ്‌റ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th August 2017 08:12 AM |
Last Updated: 12th August 2017 01:33 PM | A+A A- |
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് പറയുന്നതും, അന്വേഷണ സംഘം പറയുന്നതും ശരിയാണെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാനാകില്ല.
ഇപ്പോള്‍ പറഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകും. സുനില്‍ കുമാറിന്റെ ഭീഷണിയെ കുറിച്ച് ദിലീപ് ഒരു പരാതി നല്‍കിയിട്ടുണ്ട്. എപ്പോഴാണ് ഈ പരാതി നല്‍കിയതെന്ന് കോടതിയെ അറിയിക്കും. കാര്യങ്ങള്‍ വിശദമാക്കി അന്വേഷണ സംഘം ഉടന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
മുഖ്യപ്രതിയായ സുനില്‍ കുമാര്‍ തനിക്ക് ജയിലില്‍ നിന്നും കത്തയച്ച കാര്യം ഫോണിലൂടെയും വാട്‌സ് ആപ്പിലൂടേയും അന്ന് തന്നെ ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചെന്നായിരുന്നു ദിലീപ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സുനിയുടെ കത്ത് കിട്ടിക്കഴിഞ്ഞ് 20 ദിവസം കഴിഞ്ഞാണ് ദിലീപ് പരാതിപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിനെ കുറിച്ച് ഉയര്‍ന്ന് ചോദ്യത്തിനായിരുന്നു പൊലീസും ദിലീപും പറയുന്നത് ശരിയാണെന്ന ബെഹ്‌റയുടെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദീലീപ് നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണത്തിലിരിക്കിന്ന ഒരാളില്‍ നിന്നും പരാതി ലഭിച്ചാല്‍ അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അന്വേഷിക്കേണ്ടതായി വരുമെന്നും ബെഹ്‌റ പറഞ്ഞു.