അവര്‍ പോയില്ല, രാത്രി തിരിച്ചുവന്നു; കാടുകയറ്റാന്‍ വീണ്ടും വനംവകുപ്പിന്റെ ശ്രമം

മുണ്ടൂരിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപത്ത് നിന്നും ഒരുവിധം കാട് കയറ്റിയ മൂന്ന് കാട്ടാനകളും രാത്രി വീണ്ടും തിരിച്ചിറങ്ങി
അവര്‍ പോയില്ല, രാത്രി തിരിച്ചുവന്നു; കാടുകയറ്റാന്‍ വീണ്ടും വനംവകുപ്പിന്റെ ശ്രമം

മുണ്ടൂര്‍: കാട് വിട്ട് നാടുചുറ്റാന്‍ ഇറങ്ങിയ കാട്ടാനകളെ തിരിച്ച് കാടുകയറ്റാന്‍ വനംവകുപ്പിന്റെ ശ്രമങ്ങള്‍ തുടരുന്നു. മുണ്ടൂരിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപത്ത് നിന്നും ഒരുവിധം കാട് കയറ്റിയ മൂന്ന് കാട്ടാനകളും രാത്രി വീണ്ടും തിരിച്ചിറങ്ങി. തിരിച്ചിറങ്ങി ജനവാസ കേന്ദ്രങ്ങളിലെത്തിയ കാട്ടാനകള്‍ നെല്‍കൃഷി ഉള്‍പ്പെടെ നശിപ്പിച്ചു. കാട്ടാനകളെ വീണ്ടും ഉള്‍വനത്തിലേക്ക് കടത്തി അയക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങി.

തമിഴ്‌നാട്ടില്‍ നിന്നും താപ്പാനകളെ എത്തിച്ച് ഈ മൂന്ന് കാട്ടാനകളേയും വനാതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ എങ്കിലും ഉള്ളിലേക്ക് തിരിച്ചയക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിനായി വെള്ളിയാഴ്ച രാത്രി തന്നെ താപ്പാനകളെ മുണ്ടൂരില്‍ എത്തിച്ചിരുന്നു. 

മങ്കരയില്‍ നിന്നം അയ്യര്‍മല വഴി 30 കിലോമീറ്റര്‍ പിന്നിട്ടായിരുന്നു ആനകള്‍ മുണ്ടൂരിലെത്തിയത്. ഇവിടെ നിന്ന് കല്ലടിക്കോട് വനത്തിലേക്ക് ഒരു കിലോമീറ്ററോളം ആനകള്‍ കയറിയെങ്കിലും വീണ്ടും തിരിച്ചിറങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ നിന്നും താപ്പാനകളെ കൊണ്ടുവരാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. കാട്ടാനകളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതിന് ശേഷമായിരിക്കും താപ്പാനകളെ ഉപയോഗിക്കുക. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തമ്പടിച്ച ആനക്കൂട്ടത്തില്‍ നിന്നും ഒരാന കൂട്ടം തെറ്റിപ്പോവുകയും ചെയ്തിരുന്നു. പിന്നീട് കൂട്ടം തെറ്റിയ ആനയെ മറ്റ് ആനകള്‍ക്കൊപ്പം ചേര്‍ത്ത് കാട്ടിലേക്ക് കയറ്റുന്നതിനുള്ള ശ്രമമായിരുന്നു വെള്ളിയാഴ്ച രാത്രിവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com