സംഘപരിവാറിന്റെ തിണ്ണ നിരങ്ങിയവര്‍ എസ്എഫ്‌ഐയെ ഇടതുപക്ഷ രാഷ്ട്രീയം പഠിപ്പിക്കരുത്; എഐഎസ്എഫിനെതിരെ ജെയ്ക് സി തോമസ് 

എഐഎഎസ്എഫിനെതിരെ ആഞ്ഞടിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്
സംഘപരിവാറിന്റെ തിണ്ണ നിരങ്ങിയവര്‍ എസ്എഫ്‌ഐയെ ഇടതുപക്ഷ രാഷ്ട്രീയം പഠിപ്പിക്കരുത്; എഐഎസ്എഫിനെതിരെ ജെയ്ക് സി തോമസ് 

കണ്ണൂര്‍: എഐഎഎസ്എഫിനെതിരെ ആഞ്ഞടിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്. എസ്എഫ്‌ഐയെ വിമര്‍ശിച്ച് എത്രനാള്‍ നിങ്ങള്‍ കാലം കഴിക്കുമെന്ന് വിമര്‍ശിക്കുന്ന എഐഎസ്എഫ് നേതാക്കള്‍ സ്വയം ചോദിക്കണമെന്ന് ജെയ്ക് പറഞ്ഞു.സംഘപരിവാറിന്റെ തിണ്ണ നിരങ്ങിയവര്‍ എസ്എഫ്‌ഐയെ ഇടതുപക്ഷ രാഷ്ട്രീയം പഠിപ്പിക്കരുതെന്ന് ജെയ്ക് തുറന്നടിച്ചു.

സംസ്ഥാന സമ്മേളനത്തില്‍ എസ്എഫ്‌ഐയെ എബിവിപിയോട് ഉപമിച്ച് എഐഎസ്എഫ് സംഘടനാ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം. എസ്എഫ്‌ഐ എബിവിയ്്ക്ക് സമമാണെന്നും മറ്റു സംഘടനകള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാത്ത സംഘടനയാണെന്നും ആയിരുന്നു എഐഎസ്എഫിന്റെ വിമര്‍ശനം. 

എസ്എഫ്‌ഐയുടെ സംഘബലം വിദ്യാര്‍ത്ഥികള്‍ക്കിടിയിലുള്ള സ്വാധീനവും കേരളീയര്‍ക്ക് അറിയാമെന്നും അപജയപ്പെട്ട് ഇല്ലാതാവുന്നത് ആരാണെന്ന് സ്വയം തിരിച്ചറിയുന്നത് നല്ലതാണെന്നും ജെയ്ക് പറഞ്ഞു.എന്നാല്‍ എബിവിപിയും ക്യാമ്പസ് ഫ്രണ്ടും ഒഴികെയുള്ള മതേതര ജനാധിപത്യ പ്രതിച്ഛായയുള്ള വിദ്യാര്‍ത്ഥി സംഘടനകളുമായി യോചിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്നും അവരോട് തുറന്ന മനസ്സാണുള്ളതെന്നും ജെയ്ക്ക് പറഞ്ഞു.

എസ്എഫ്‌ഐയ്ക്ക് സംഘടനാസ്വാധീനമുള്ള ക്യാമ്പസുകളില്‍ ഫാസിസ്റ്റ് നയമാണ് എസ്എഫ്‌ഐ നടപ്പാക്കുന്നത് എന്നും, 
തിരുവനന്തപുരം എംജി കോളേജില്‍ എബിവിപിയുടെ ഫാസിസ്റ്റ് നിലപാടാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെങ്കില്‍ കേരളത്തിലെ മറ്റ് 64 കാമ്പസുകളില്‍ എസ്എഫ്‌ഐയാണ് ഇതേനിലപാട് സ്വീകരിക്കുന്നതെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തിയിരുന്നു. 

ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ ഈ രണ്ടുസംഘടനകളും പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് പതിവാണ്. എസഎഫ്‌ഐക്കാര്‍ തങ്ങളെ പ്രവര്‍ത്തിക്കാനനുവദിക്കുന്നില്ല എന്നാണ് എഐഎസ്എഫിന്റെ സ്ഥിരം വിമര്‍ശനം. എഐഎസ്എഫ് ഇടതുപക്ഷത്തിന് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഘടനയാണ് എന്നാണ് എസ്എഫ്‌ഐയുടെ വിമര്‍ശനം. ലോ അക്കാദമി സമരത്തില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്‌യുവിനും എബിവിപിക്കും എംഎസ്എഫിനും ഒപ്പം എഐഎസ്എഫ് സമരപ്പന്തല്‍ പങ്കിട്ടതോടെയാണ് എസ്എഫ്-എഐഎസ്എഫ് വിമര്‍ശനങ്ങള്‍ അതിരുവിട്ടത്. ന്യായമായ സമരങ്ങള്‍ക്ക് തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു എഐഎസ്ഫ് നിലപാട്,എസ്എഫ്‌ഐ വിദ്യാര്‍ത്ഥി സമരം അട്ടിമറിച്ചവരാണ് എന്നും എഐഎസ്എഫ് പറഞ്ഞിരുന്നു.

പിന്നാലെ എബിവിപികികൊപ്പം കൂട്ടുകൂടിയവരുമായി ഇനി സഖ്യമില്ലെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചു. തുടര്‍ന്നു നടന്ന കേരള യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ ഇരുസംഘടനകളും വെവ്വേറെ മത്സരിക്കുകയും എഐഎസ്എഫ് വര്‍ഷങ്ങള്‍ക്ക ശേഷം ഒരു സീറ്റില്‍ ഒറ്റയ്ക്ക് ജയിക്കുകയും ചെയ്തു.  യൂണിവേഴ്‌സിറ്റി കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയ വിദ്യാര്‍ത്ഥിനിയുള്‍പ്പെടെയുള്ള എഐഎസ്എഫ് സംഘത്തെ എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ടു തല്ലിയത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ സിപിഎമ്മും സിപിഐയും ഇടപെട്ട് സംഘടനകളോട് സംയംമനം പാലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സംഘടനകള്‍ എല്ലാ അതിരുകളും വിട്ട് തുറന്ന പോരിന് ഇറങ്ങിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com