ഒറ്റുകാരെ കണ്ടെത്താന്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു; കേന്ദ്രത്തിന്റെ ചോര്‍ത്തല്‍ രഹസ്യാന്വേഷണ ഏജന്‍സി വഴി

ഫോണ്‍ ചോര്‍ത്തുന്നുവെന്ന വിവരം ലഭിച്ചതോടെ ബിജെപി നേതാക്കളിപ്പോള്‍ ഫോണിലൂടെ രഹസ്യങ്ങളൊന്നും സംസാരിക്കാറില്ല
ഒറ്റുകാരെ കണ്ടെത്താന്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു; കേന്ദ്രത്തിന്റെ ചോര്‍ത്തല്‍ രഹസ്യാന്വേഷണ ഏജന്‍സി വഴി

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയെ വലച്ച മെഡിക്കല്‍ കോഴയ്ക്ക് ശേഷം കേരളത്തിലെ ബിജെപി നേതാക്കളുടെ ഫോണ്‍ കോളുകള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തുന്നതായി സൂചന. സംസ്ഥാനത്തെ ബിജെപി നേതാക്കളുടേയും അവര്‍ ബന്ധപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകളാണ് ചോര്‍ത്തുന്നത്. 

ഫോണ്‍ ചോര്‍ത്തുന്നുവെന്ന വിവരം ലഭിച്ചതോടെ ബിജെപി നേതാക്കളിപ്പോള്‍ ഫോണിലൂടെ രഹസ്യങ്ങളൊന്നും സംസാരിക്കാറില്ല. ഫോണ്‍ ചോര്‍ത്തുന്ന വിവരം ബിജെപി നേതൃത്വത്തിലെ ചിലര്‍ക്ക് ചോര്‍ന്ന് കിട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചാനലുകള്‍ക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനെ കുറിച്ച് അന്വേഷിക്കാനും, പണം കൈമാറിയ ഹവാല ഇടപാടുകളെ കുറിച്ച് അറിയുന്നതിനുമായാണ് ആദ്യം ഫോണ്‍ ചോര്‍ത്തല്‍ ആരംഭിച്ചത്. 

പാര്‍ട്ടി നേതൃത്വത്തിലെ ഉന്നത പദവിയില്‍ ഇരിക്കുന്ന നേതാക്കള്‍ പോലും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ഇതിന് വിപരീതമായ കാര്യങ്ങള്‍ പാര്‍ട്ടിയിലെ തന്നെ മറ്റൊരു വിഭാഗം കേന്ദ്ര നേതൃത്വത്തെ രഹസ്യമായി അറിയിക്കാനും തുടങ്ങിയതോടെ സത്യാവസ്ഥ അറിയുന്നതിനായി കേന്ദ്ര നേതൃത്വം ഫോണ്‍ ചോര്‍ത്തുന്നതിനെ ആശ്രയിക്കുകയായിരുന്നു.

ബിജെപിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ തേടുന്ന കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകളും ചോര്‍ത്തുന്നുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും നേതാക്കള്‍ക്കെതിരെ കേന്ദ്ര നേതൃത്വം നടപടി സ്വീകരിച്ചാല്‍ അത് എന്തുകൊണ്ടെന്ന് ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം തെളിയിക്കാനുമാണ് ഫോണ്‍ ചോര്‍ത്തല്‍ എന്നാണ് സൂചന. 

ബിജെപി കമ്മിഷന്‍ അംഗം അധ്യക്ഷനായ എ.കെ.നസീറിനോട് ഫോണില്‍ സംസാരിച്ച ഒരു ചാനല്‍ റിപ്പോര്‍ട്ടറെ പ്രമുഖനായ ഒരു ബിജെപി നേതാവ് വിളിച്ച് നസീറിനോട് സംസാരിച്ച കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതുകൂടാതെ മാധ്യമപ്രവര്‍ത്തകര്‍ ഏതൊക്കെ ബിജെപി പ്രവര്‍ത്തകരോടാണ് സംസാരിക്കാറുള്ളത് എന്നത് അന്വേഷിക്കാന്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ് അടങ്ങുന്ന നേതൃത്വം കോഴിക്കോട്ടെ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസില്‍ നേരിട്ട് പോയിരുന്നു. 

എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ഫോണ്‍ ചോര്‍ത്തല്‍ മറികടക്കാന്‍ കേരളത്തിലെ നേതാക്കള്‍ വഴി കണ്ടുപിടിച്ചിട്ടുണ്ട്. നേതാവ് മറ്റൊരാളെ എപ്പോഴും കൂടെ കൊണ്ടു നടക്കും. അയാളുടെ ഫോണിലൂടെ മാത്രമെ സംസാരിക്കുകയുള്ള. കൂടെ നടക്കുന്ന വ്യക്തിയുടെ പക്കല്‍ ഒന്നിലധികം ഫോണുകള്‍ ഉണ്ടാകും. മാത്രമല്ല, സ്ഥിരമായി ഇങ്ങോട്ട് വിളിക്കുന്നവര്‍ ഒരേ നമ്പറില്‍ നിന്നും വിളിക്കാതെ പല നമ്പറുകളില്‍ നിന്നും വിളിക്കണം. 

ചോര്‍ത്താന്‍ സാധിക്കാത്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഗ്രൂപ്പുണ്ടാക്കിയാണ് ചില ബിജെപി നേതാക്കള്‍ ചോര്‍ത്തലിനെ മറികടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com