ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2017 03:09 PM  |  

Last Updated: 22nd August 2017 07:46 PM  |   A+A-   |  

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും. ഹൈക്കോടതിയില്‍ പ്രതിഭാഗം വാദം പൂര്‍ത്തികരിക്കാത്ത സാഹചര്യത്തിലാണ വാദം നാളെയും തുടരും 

രാവിലെ 10.30ന് ആരംഭിച്ച വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകനായ ബി.രാമന്‍പിളളയെ കോടതി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണത്തിനിരയായ നടിയുടെ പേര് ആവര്‍ത്തിച്ചതിനാണ് കോടതിയുടെ താക്കീത്. ദിലീപിനെ കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ നല്‍കിയ മൊഴിയും രാമന്‍പിളള ചൂണ്ടിക്കാട്ടിയിരുന്നു.

ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും നേരത്തെ പരിചയക്കാരാണെന്നും ഇവര്‍ തമ്മിലുളള തര്‍ക്കമായിരിക്കാം പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമുളള വാദവും പ്രതിഭാഗം ഉയര്‍ത്തി. അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ശ്രമം ഉണ്ടായതായും ക്രിമിനലായ സുനിയുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നുമുളള വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു

അതെസമയം ജാമ്യം അനുവദിക്കരുതെന്ന ഉറച്ച നിലപാടിലാണ് പ്രോസിക്യൂഷന്‍. കൂടാതെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം രണ്ടുവരെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കാലാവധി നീട്ടിയത്.