ലാവലിന്‍ വിധി എതിരായാല്‍

പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന ആവശ്യം വിഎസ് അച്യുതാനന്ദന്‍ പരോക്ഷമായെങ്കിലും ഉയര്‍ത്തിയാല്‍ രാഷ്ട്രീയ രംഗത്തും പാര്‍ട്ടിയിലും വലിയ കോളിളക്കമാണ് അതുണ്ടാക്കുക
ലാവലിന്‍ വിധി എതിരായാല്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധി എതിരായാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിണറായി വിജയന്‍ മാറുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന ആവശ്യം വിഎസ് അച്യുതാനന്ദന്‍ പരോക്ഷമായെങ്കിലും ഉയര്‍ത്തിയാല്‍ രാഷ്ട്രീയ രംഗത്തും പാര്‍ട്ടിയിലും വലിയ കോളിളക്കമാണ് അതുണ്ടാക്കുക. ഇത്തരം സാഹചര്യങ്ങള്‍ ഇതിനകം തന്നെ സിപിഎം ചര്‍ച്ചചെയ്തിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കുറ്റപത്രം റദ്ദാക്കിയ സിബിഐ കോടതി വിധി തള്ളി ലാവലിന്‍ കേസില്‍ വിചാരണ നടക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടാല്‍ പിണറായി ഉള്‍പ്പെടെയുള്ളവര്‍ സുപ്രിം കോടതിയെ സമീപിക്കുമെന്നുറപ്പ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയായി പിണറായി തന്നെ തുടരട്ടയെന്ന് പാര്‍ട്ടിയില്‍ പ്രബലവിഭാഗം അഭിപ്രായപ്പെടാനുള്ള സാധ്യതയും വിരളമല്ല. അപ്പീല്‍ നല്‍കാന്‍ മൂന്നു മാസം സാവകാശമുണ്ടെങ്കിലും പെട്ടന്ന് തന്നെ അപ്പീല്‍ നല്‍കി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യിപ്പിക്കാന്‍ കഴിയുകയാണെങ്കില്‍ പിണറായിക്ക് വെല്ലുവിളി ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ പാര്‍ട്ടിയില്‍ പ്രബലമല്ലെങ്കിലും പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരാനുള്ള പിന്തുണയുടെ പിന്‍ബലത്തില്‍ പിണറായി വിരുദ്ധ വിഭാഗം ഈ സാഹചര്യം മുതലാക്കാന്‍ നീക്കങ്ങള്‍ നടക്കും. വിഎസിന്റെ നിലപാടു കൂടിയാവുമ്പോള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും വിധം സമ്മര്‍ദമുണ്ടാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞേക്കും. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ശക്തമായ  നിലപാടുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവരുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. 

ഹൈക്കോടതി  വിചാരണ നടക്കട്ടെ എന്നു പറഞ്ഞാല്‍ പിന്നെ അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കാന്‍ പിണറായിയെ പോലെയുള്ള ഒരു നേതാവ് തയ്യാറാകില്ലന്നും പിണറായിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയാരാകുമെന്നത് സിപിഎമ്മിന് വലിയ വെല്ലുവിളിയാകും. വിഎസിനെ പരിഗണിക്കുന്ന സാഹചര്യം വളരെ വിരളമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി ഘടകത്തിന്റെ തീരുമാനത്തിനൊപ്പം തന്നെയാകും യെച്ചൂരിയുടെ നിലപാടും. 

പാര്‍ട്ടി സമ്മേളനം തീരുമാനിച്ച സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമോയെന്നതും കാത്തിരുന്ന് കാണണം. പിണറായിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയില്‍ ഏറെ വിശ്വസ്തന്‍ കോടിയേരിയാണ്. കോടിയേരിക്ക് നറുക്ക് വീഴുകയാണെങ്കില്‍ തലശേരിയില്‍ ഷംസീറിനെ രാജിവെപ്പിച്ച് ജനവിധി തേടുകയെന്നുള്ളതാണ്. നിരപരാധിത്വം തെളിയിച്ച ഇപി ജയരാജനെക്കാള്‍ സാധ്യത എകെ ബാലനാണ്. ഇപ്പോള്‍ മന്ത്രിസഭയില്‍ രണ്ടാമനാണ് ബാലന്‍. ബാലനെ മുഖ്യമന്ത്രിയാക്കുന്നതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍ നിന്നും ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരാനായെന്ന് പാര്‍ട്ടിക്ക് നേട്ടമാകും. 

ബാഹ്യശക്തികള്‍ക്കൊന്നും ഇടപെടല്‍ നടത്താന്‍ അവസരം നല്‍കാതെ ഭരണം മുന്നേറുമ്പോള്‍ പിണറായി മാറിയാല്‍ ഇതെല്ലാം തകിടം മറിയുമെന്നു കരുതുന്നവരുമുണ്ട് പാര്‍ട്ടിയില്‍. അതുകൊണ്ട് തന്നെ സര്‍ക്കാറിനെതിരെ ശക്തമായി വിമര്‍ശിക്കുന്നവര്‍ പോലും പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറേണ്ട സാഹചര്യം ഉണ്ടാവരുതെന്നാണ് ആഗ്രഹിക്കുന്നത്. 

സര്‍ക്കാര്‍ അധികാരമേറ്റ് നാലരമാസത്തിനിടെ സ്വജനപക്ഷപാതം കാണിച്ചെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റേയും പാര്‍ട്ടിയുടേയും യശ്ശസ്സിന് കളങ്കം ചാര്‍ത്താതിരിക്കാന്‍ രാജിവെച്ച ഇപി ജയരാജന്റെ പാത പിണറായി സ്വീകരിക്കുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുന്നോക്കുന്നുണ്ട്. 

മൂന്നടി മണ്ണ് ദാനം ചോദിച്ച വാമനഅവതാരം പോലെയാണ് പ്രതിപക്ഷത്തിന്റെ അവസ്ഥ. തോമസ് ചാണ്ടിയുടെ രാജിവെക്കണമെന്നാവശ്യവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തിന് ഒറ്റയടിക്കാണ് ആരോഗമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും രാജി ആവശ്യവുമായി രംഗത്തെത്താന്‍ കഴിയുന്നത്. പ്രതിപക്ഷത്തിന് ഈ അവസരം യഥാവിധം ഉപയോഗിക്കാന്‍ ആകുമോയെന്നുള്ളതും നിര്‍ണായകമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com