ഹാദിയയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് രാഹുല്‍

രാഹുല്‍ അനുവാദമില്ലാതെയാണ് വീട്ടില്‍ പ്രവേശിച്ചതെന്നും ചിത്രങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നും ഹാദിയയുടെ പിതാവ് അശോകന്‍ പരാതി നല്‍കിയിരുന്നു
ഹാദിയയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് രാഹുല്‍

വൈക്കം: കോടതി നിര്‍ദേശ പ്രകാരം അതീവ പൊലീസ് സുരക്ഷയില്‍  കഴിയുന്ന ഹാദിയയുടെ വീട്ടിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 406 പ്രകാരം വിശ്വാസവഞ്ചനയ്ക്കാണ് കേസെടുത്തതെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു. വൈക്കം എസ്‌ഐ എം സാഹിലിനാണ് അന്വേഷണചുമതല.

രാഹുല്‍ അനുവാദമില്ലാതെയാണ് വീട്ടില്‍ പ്രവേശിച്ചതെന്നും ചിത്രങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നും ഹാദിയയുടെ പിതാവ് അശോകന്‍ പരാതി നല്‍കിയിരുന്നു. 

എന്നാല്‍ അനുവാദമില്ലാതെയാണ് താന്‍ ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന ഹാദിയയുടെ പിതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ പറഞ്ഞു. പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത് കുടുംബത്തിലെ രണ്ടുപേരാണ്. താന്‍ ചിത്രീകരിച്ച വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍ അന്വേഷണ ചുമതലയുളള റിട്ട. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന് സമര്‍പ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. 

ഫോട്ടോയും വീഡിയോയും പകര്‍ത്തിയത് അശോകന്റെ സാന്നിധ്യത്തിലാണ്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചിരുന്നു. ഹാദിയയുടെ അമ്മയുടെ ഒന്നരമിനിറ്റ് കരച്ചില്‍ കേള്‍ക്കാത്തവരാണ് 18 സെക്കന്റ് വീഡിയോയെക്കുറിച്ച് പറയുന്നതെന്നും രാഹുല്‍ ആശ്വര്‍ പറഞ്ഞു. 

തന്റെ സങ്കടാവസ്ഥ ചൂഷണം ചെയ്ത്, കുടുംബത്തെ രക്ഷിക്കാനെന്ന പേരില്‍ മൂന്നുതവണ വീട്ടിലെത്തി തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മകളുമായി സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് അശോകന്‍ പരാതിയില്‍ പറഞ്ഞിരുന്നത്. രാഹുല്‍ വീട്ടില്‍ പ്രവേശിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് നേരത്തെ അശോകന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.

ഹാദിയയുടെ വീട്ടില്‍ നിന്നും പകര്‍ത്തിയ വീഡിയോ ലവ് ജിഹാദ് ടേപ്‌സ് എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്നത്. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയാക്കിയിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com