തിരുവോണദിനം വാമന ജയന്തിയായി ആഘോഷിക്കുന്നതില്‍ തെറ്റില്ല; മഹാബലിയെ വികൃതമായി ചിത്രീകരിക്കുന്നുവെന്നും പ്രയാര്‍

അതീവ തേജസ്വയാണ് മഹാബലി എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. കുടവയറും കൊമ്പന്‍മീശയും മഹാബലിക്ക് നല്‍കുന്നത് വികൃത രൂപമാണ്
തിരുവോണദിനം വാമന ജയന്തിയായി ആഘോഷിക്കുന്നതില്‍ തെറ്റില്ല; മഹാബലിയെ വികൃതമായി ചിത്രീകരിക്കുന്നുവെന്നും പ്രയാര്‍

പത്തനംതിട്ട: തിരുവോണ ദിവസം വാമനജയന്തിയായി ആഘോഷിക്കുന്നതിനെ പിന്തുണച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഓണം വാമനജയന്തിയായി ആഘോഷിക്കുന്നതിന് പുറമെ മഹാബലിയെ വികൃതമായി ചിത്രീകരിക്കുന്നുവെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട്. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മഹാബലിയുടെ യഥാര്‍ഥ ചിത്രം തിരുവോണ ദിവസം തയ്യാറാക്കും. അതീവ തേജസ്വയാണ് മഹാബലി എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. കുടവയറും കൊമ്പന്‍മീശയും മഹാബലിക്ക് നല്‍കുന്നത് വികൃത രൂപമാണ്. മഹാബലിയേയും, വാമനനേയും ഒരേപോലെ കാണുന്ന നിലപാടാണ് ദേവസ്വത്തിന്റേത്.

വാമനനെ കുറിച്ച് സത്യവിരുദ്ധമായ കഥകളാണ് പ്രചരിക്കുന്നതെന്നും പ്രയാര്‍ പറഞ്ഞു. മഹാബലിയുടെ സദ്ഭരണത്തില്‍ സംപ്രീതനായ മഹാവിഷ്ണു വാമനരൂപത്തില്‍ അവതരിപ്പ് മഹാബലിയെ സുതലമെന്ന പാതാള രാജ്യത്ത് കുടുംബ സമേതം താമസിക്കുവാന്‍ അനുഗ്രഹിക്കുകയായിരുന്നു എന്നാണ് വാമനപുരാണത്തില്‍ പറയുന്നത്. അതിനാല്‍ തിരുവോണ നാള്‍ വാമനജയന്തിയായി ആഘോഷിക്കുന്നതില്‍ തെറ്റില്ല. 

തിരുവോണ ദിവസം ശബരിമല സന്നിധാനത്ത് വാമനാവതാരവും മഹാബലിയുടെ പ്രസക്തിയും എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ഉയരുന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മഹാബലിയുടെ യഥാര്‍ഥ ചിത്രത്തിന് രൂപം നല്‍കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com