ഉമ്മന്‍ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാന്‍ എ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദം; സമ്മതം മൂളാതെ ഉമ്മന്‍ ചാണ്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2017 08:04 AM  |  

Last Updated: 28th August 2017 06:01 PM  |   A+A-   |  

oommen-chandy-759

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മേല്‍ സ്വന്തം ഗ്രൂപ്പില്‍ നിന്നും സമ്മര്‍ദ്ദം. എ ഗ്രൂപ്പില്‍ നിന്നും സമ്മര്‍ദ്ദം ഉയരുന്നുണ്ടെങ്കിലും കെപിസിസി പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയില്‍ നിന്നും വ്യക്തമായ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. 

പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രൂപ്പിനുള്ളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നത്. എം.എം.ഹസന് പദവിയില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നതിന് പുറമെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്കും കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്നാണ് സൂചന. 

എ ഗ്രൂപ്പില്‍ നിന്നു തന്നെ ഒന്നിലധികം പേരുകള്‍ ഉയരുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിയെ അധ്യക്ഷ സ്ഥാനത്തേക്കെത്തിച്ചാന്‍ പ്രശ്‌നം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് നേതാക്കള്‍. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയുടെ പേര് നിര്‍ദേശിച്ചാല്‍ ദേശീയ നേതൃത്വം അത് തള്ളില്ലെന്നുമാണ് എ വിഭാഗം നേതാക്കളുടെ വിശ്വാസം. 

എ ഗ്രൂപ്പിന് പുറത്തേക്ക് കെപിസിസി അധ്യക്ഷ പദവി പോകുമോയെന്ന പ്രശ്‌നവും നേതാക്കളെ അലട്ടുന്നുണ്ട്. വി.ഡി.സതീശന്‍, കെ.വി.തോമസ് എന്നിവര്‍ എ വിഭാഗക്കാരല്ല എന്നതും, കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ് എന്നിവര്‍ അധ്യക്ഷ പദവിയിലേക്കെത്തിയാല്‍ എ വിഭാഗത്തിന് നിയന്ത്രണം കിട്ടില്ല എന്നും എ വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നു. 

അതിനിടെ സംഘടനാ തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റിട്ടേണിങ് ഓഫീസറായ സുദര്‍ശന്‍ നാച്ചിയപ്പന്‍ ഇന്ന് കേരളത്തിലെത്തും. ഗ്രൂപ്പ് തിരിഞ്ഞ് മത്സരിച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് പകരം സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്ന നിര്‍ദേശമായിരിക്കും റിട്ടേണിങ് ഓഫീസര്‍ നേതാക്കള്‍ക്ക് മുന്നില്‍ വയ്ക്കുക.