'ദിലീപേട്ടാ കുടുങ്ങി':സുനിയുടെ ശബ്ദസന്ദേശം കുരുക്കായി; മുദ്രവച്ച കവറിലുള്ളത് നിര്‍ണായക തെളിവുകള്‍

നടി ആക്രമിക്കപ്പെട്ട  കേസില്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത് നിര്‍ണായക തെളിവുകള്‍
'ദിലീപേട്ടാ കുടുങ്ങി':സുനിയുടെ ശബ്ദസന്ദേശം കുരുക്കായി; മുദ്രവച്ച കവറിലുള്ളത് നിര്‍ണായക തെളിവുകള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട  കേസില്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത് നിര്‍ണായക തെളിവുകള്‍. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനിടെ പള്‍സര്‍ സുനി ദിലീപിന് അയച്ച ശബ്ദ സന്ദേശമാണ് ഇതില്‍ ഏറ്റവും നിര്‍ണായകമായത്. ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ ശന്ദേശമാണ്, പൊലീസുകാരനെ സ്വാധീനിച്ചു കൈക്കലാക്കിയ ഫോണില്‍നിന്ന് സുനി ദിലീപിന് അയച്ചത്. സുനിയെ പരിചയമില്ല എന്ന ദിലീപിന്റെ വാദം പ്രോസിക്യൂഷന്‍ പൊളിച്ചത് ഈ സന്ദേശം വച്ചാണ് എന്നാണ് സൂചനകള്‍.


കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്. പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പൊലീസുകാരനെ സ്വീധാനിച്ചാണ് ഇയാളുടെ മൊബൈലിലൂടെ സുനി ദിലീപിനെയും കാവ്യയേയും വിളിക്കാന്‍ ശ്രമിച്ചത്. ദിലീപേട്ടാ കുടുങ്ങി' എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. അതിന് ശേഷം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഇതേ പൊലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അതുകഴിഞ്ഞ് പൊലീസുകാന്‍ സ്വന്തം നിലയ്ക്ക് ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. 

തൃശൂരുള്ള ഒരു കോയിന്‍ ബൂത്തില്‍ നിന്ന് പൊലീസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം വഴിമുട്ടിക്കാന്‍ പൊലീസുകാരന്‍ തന്നെ സിം കാര്‍ഡ് നശിപ്പിച്ചുകളഞ്ഞു. എന്നാല്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടുകൊണ്ടുപോയി. കുടുങ്ങുമെന്നു ബോധ്യമായ സമയത്ത് തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ മാപ്പപേക്ഷയായി നടന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തെ എഴുതി അറിയിച്ചെന്നാണ് സൂചനകള്‍. 

പൊലീസുകാരന്റെ മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളും വിളിച്ചതിന്റെ ടെലിഫോണ്‍ രേഖകളും അന്വേഷണ സംഘം നിര്‍ണായക രേഖകളായി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു കണക്കിലെടുത്താണ് ദീലീപിന് സുനിയുമായി ബന്ധമുണ്ടാകാമെന്ന പ്രാഥമിക ധാരണയില്‍ കോടതി എത്തിച്ചേര്‍ന്നത് എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com