സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളേജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കോടിയേരി 

സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളേജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കോടിയേരി 

സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ സഹായകമായ വിധത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് അടിയന്തിരനടപടി  വേണം

തിരുവനന്തപുരം:  സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 85ശതമാനം സീറ്റുകള്‍ക്കും 11 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്  പ്രവേശനത്തിന് അര്‍ഹതനേടിയ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യോഗ്യതനേടിയ പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കണം. സുപ്രീംകോടതി വിധിപ്രകാരം അന്തിമമായ ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് നിയന്ത്രണ സമിതിക്കാണ്.ഫീസ് നിയന്ത്രണ സമിതിയുടെ നടപടികള്‍ വേഗം പൂര്‍ത്തീകരിച്ച് അന്തിമമായ ഫീസ് തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം പൂര്‍ത്തിയാക്കാന്‍ ബാങ്ക് ഗ്യാരന്റി ലഭ്യമാക്കുന്നതിനും ഫീസ് നിര്‍ണ്ണയത്തിനുശേഷം ആവശ്യമെങ്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.    സുപ്രീംകോടതിയുടെ നടപടിമൂലം മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതനേടിയ പല വിദ്യാര്‍ത്ഥികളും പഠനം വേണ്ടന്നുവെച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പരിയാരം മെഡിക്കല്‍കോളേജില്‍ ബി.പി.എല്‍. വിദ്യാര്‍ത്ഥികള്‍ക്ക് 25,000/ രൂപയും, എസ്.സി, എസ്.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് 45,000/ രൂപയും ജനറല്‍ മെരിറ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 2,50,000/ രൂപയുമാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. മാനേജ്‌മെന്റ് സീറ്റില്‍ അഞ്ചുലക്ഷം രൂപയും, എന്‍.ആര്‍.ഐ. സീറ്റില്‍ 14 ലക്ഷം രൂപയുമാണ് ഫീസ്. ഈ കരാര്‍ നടപ്പാക്കുമെന്ന മാനേജ്‌മെന്റിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. 

ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ നാല് കോളേജുകളും 5 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മറ്റ് കോളേജുകളും ഇതേ നിലപാട് സ്വീകരിക്കുന്നതിന് പകരം കോടിക്കണക്കിന് രൂപ കൊള്ളലാഭമടിക്കാന്‍ അവസരം കാത്തിരിക്കുകയാണ്.  ഇത്തരം സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ സഹായകരമായ വിധത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് അടിയന്തിരനടപടി സ്വീകരിക്കണം. സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമപരമായി സാദ്ധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം. 

മാനേജ്‌മെന്റിന് അനുകൂലമായ സുപ്രീംകോടതിവിധിയുടെ പേരില്‍ ഗവണ്‍മെന്റിനെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷകക്ഷികള്‍ നടത്തുന്ന ശ്രമം പരിഹാസ്യമാണ്. യു.ഡി.എഫ്. ഭരണ കാലത്ത് സ്വീകരിച്ച നയങ്ങളാണ് ഇപ്പോള്‍ ഇത്തരം പ്രതിസന്ധിയിലേക്ക് വിദ്യാര്‍ത്ഥികളെ തള്ളിവിട്ടത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ രംഗത്തുവിട്ടുള്ളത് അവരുടെ ഇരട്ടത്താപ്പ് സമീപനമാണ് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാദ്ധ്യമായ നിലപാടുകള്‍ ഗവമെന്റ് സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും കോടിയേരി പ്രസ്താവനയില്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com