വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നത് സ്വാശ്രയ കച്ചവടത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നതിന്റെ ദുരന്തം: എഐവൈഎഫ്

വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നത് സ്വാശ്രയ കച്ചവടത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നതിന്റെ ദുരന്തം: എഐവൈഎഫ്

സ്വാശ്രയ സമരം അവസാനിപ്പിച്ചു പോയവര്‍ ഇപ്പോഴും വിദ്യാഭ്യാസകച്ചവടത്തിനെതിരെ പുരപ്പുറത്ത് കയറി പ്രസംഗിക്കുന്നത് കാണുമ്പോള്‍ ചിരി വരുന്നു

തിരുവനന്തപുരം: സ്വാശ്രയ കച്ചവടത്തിന് കോടതിയും സംസ്ഥാന സര്‍ക്കാരും കൂട്ടുനിന്നതിന്റെ ദുരന്തമാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നതെന്ന് എഐവൈഎഫ്. അഞ്ച് ലക്ഷത്തില്‍ നിന്ന് 11 ലക്ഷമായി ഫീസ് വര്‍ദ്ധിപ്പിച്ച് നല്‍കിയ കോടതി ആരുടെ താല്പര്യമാണ് സംരക്ഷിച്ചത്. 25000 രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെ ഉണ്ടായിരുന്ന ഫീസ് 5 ലക്ഷമായി വര്‍ധിപ്പിച്ചു കൊടുത്ത സംസ്ഥാന സര്‍ക്കാരിന്റെ ഫീസ് നിര്‍ണ്ണയ മാനദണ്ഡം എന്തായിരുന്നുവെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ എണ്ണി പറഞ്ഞ് എ ഐ എസ് എഫും എ ഐ വൈ എഫും പ്രക്ഷോഭം നടത്തിയപ്പോള്‍ സമരത്തെ പരിഹസിച്ചവര്‍ക്ക് നല്ല നമസ്‌ക്കാരം. യാഥാര്‍ഥ്യമായതിനെ അംഗീകരിച്ച് സ്വാശ്രയ സമരം അവസാനിപ്പിച്ചു പോയവര്‍ ഇപ്പോഴും വിദ്യാഭ്യാസകച്ചവടത്തിനെതിരെ പുരപ്പുറത്ത് കയറി പ്രസംഗിക്കുന്നത് കാണുമ്പോള്‍ ചിരി വരുന്നു. അവരും കാണുന്നുണ്ടല്ലോ ഇപ്പോഴത്തെ സ്വാശ്രയ ദുരന്തം.

സുപ്രീം കോടതിയില്‍ പോയി ഫീസ് വര്‍ധിപ്പിച്ച് വാങ്ങിയ സ്വാശ്രയ മാനേജ്‌മെന്റുകളുടെ കച്ചവടം നടക്കാതതിന്റെ പേരില്‍ രണ്ട് കോളേജുകള്‍ ബാങ്ക് ഗാരന്റി ഉപേക്ഷിച്ചവര്‍ത്ത പുറത്തു വന്നിരിക്കുന്നു. മറ്റൊരു കോളേജ് 50 പേര്‍ക്ക് അഞ്ചുലക്ഷം രൂപക്ക് പ്രവേശം നല്‍കാന്‍ തയ്യാറായിരിക്കുന്നു
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിയാത്ത ഫീസിന് വേണ്ടി പിന്നെന്തിനാണ് മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയില്‍ പോയത്. അഞ്ച് ലക്ഷത്തില്‍ നിന്ന് 11 ലക്ഷമായി ഫീസ് വര്‍ദ്ധിപ്പിച്ച് നല്‍കിയ കോടതി ആരുടെ താല്പര്യമാണ് സംരക്ഷിച്ചത്. 25000 രൂപ മുതല്‍ രണ്ടെര ലക്ഷം രൂപ വരെ ഉണ്ടായിരുന്ന ഫീസ് 5 ലക്ഷമായി വര്‍ദ്ധിപ്പിച്ചു കൊടുത്ത സംസ്ഥാന സര്‍ക്കാറിന്റെ ഫീസ് നിര്‍ണ്ണയ മാനദണ്ഡം എന്തായിരുന്നു. 

50 ശതമാനം സീറ്റില്‍ മെറിറ്റും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫീസും വാങ്ങി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാം എന്ന് ഉറപ്പ് നല്‍കി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം വാങ്ങിയെടുത്ത മാനേജുമെന്റുകളുടെ പണത്തിനുള്ള ആര്‍ത്തി ആരോഗ്യ മേഖലയെ തകര്‍ക്കുകയാണ്. രണ്ട് ദിവസമായി നടന്ന മെഡിക്കല്‍ അലോട്ട്‌മെന്റിന് ശേഷം 690 എംബിബിഎസ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. മെറിറ്റും സംവരണവും അട്ടിമറിക്കപ്പെടുകയും അഞ്ച് വര്‍ഷത്തേക്ക് 55 ലക്ഷം രൂപ ഫീസും ലക്ഷങ്ങളുടെ മറ്റ് ചിലവുകളും നടത്താന്‍ കൈയ്യില്‍ കാശുള്ളവരൂടെ മക്കള്‍ക്ക് മാത്രമായി എം ബി ബി എസ് പഠനം മാറുന്ന കാഴ്ചയാണ് കേരളത്തിലെന്നും മഹേഷ് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com