സ്വാശ്രയ മെഡിക്കല്‍: 690 സീറ്റില്‍ ആളില്ല; ഇന്നും നാളെയും സ്‌പോട്ട് അഡ്മിഷന്‍; ബാങ്ക് ഗ്യാരണ്ടിയില്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്നവര്‍ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരില്‍ എടുത്ത അഞ്ചുലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും ആറുലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയും നല്‍കണം
സ്വാശ്രയ മെഡിക്കല്‍: 690 സീറ്റില്‍ ആളില്ല; ഇന്നും നാളെയും സ്‌പോട്ട് അഡ്മിഷന്‍; ബാങ്ക് ഗ്യാരണ്ടിയില്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: സ്വാശ്രയ കോളെജുകളിലേക്ക് രണ്ടുദിവസമായി നടന്ന അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള മുഴുവന്‍ സീറ്റുകളിലേക്കും ഇന്നും നാളെയും സ്‌പോട്ട് അഡ്മിഷന്‍ നടത്തും.എന്നാല്‍ ഇത്തവണ 690 സീറ്റുകള് ബാക്കിയായി. പ്രവേശനം തീര്‍ന്നപ്പോള്‍ ഇത്രയേറേ സീറ്റുകള്‍ ഒഴിവ് വരുന്നത് ഇതാദ്യമാണ്. ഫീസ് കൂടിയതാണ് ഈ സ്ഥിതിക്ക് കാരണമായത്. അവസാന അലോട്ട്‌മെന്റിന് ശേഷം സാധാരണയായി 200 സീറ്റ് ആണ് പരമാവധി ഒഴിവ് വരാറുള്ളത്.സ്വാശ്രയ കോളേജുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായിരുന്നു. പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് അധികസമയം അനുവദിച്ചതിനാല്‍ രാത്രിയോടെയാണ് നടപടികള്‍ പൂര്‍ത്തിയായത്.

സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്നവര്‍ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരില്‍ എടുത്ത അഞ്ചുലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും ആറുലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയും നല്‍കണം. എന്‍.ആര്‍.ഐ. ക്വാട്ടാ സീറ്റിലേക്ക് 20 ലക്ഷത്തിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റാണ് വേണ്ടത്.

കുട്ടികള്‍ക്ക് ബാങ്ക് ഗ്യാരന്റി നല്‍കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക കുരുക്കുകള്‍ ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ബ്ാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. 15 ദിവസത്തിനകം ബാങ്ക് ഗ്യാരന്റി നല്‍കണമെന്നാണ് സുപ്രീം കോടതി വിധി. കണ്ണൂര്‍, പാലക്കാട്, കരുണ എന്നീ മെഡിക്കല്‍ കോളേജുകള്‍ എന്‍ആര്‍ഐ ഒഴികെയുള്ള സീറ്റുകളില്‍ ബാങ്ക് ഗ്യാരന്റി ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പകരം ബോണ്ട് സ്വീകരിക്കും. അഞ്ചുലക്ഷംമാത്രം ഫീസ് വാങ്ങി പ്രവേശനം നല്‍കുന്ന ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷനുകീഴിലെ നാല് കോളേജുകളും നേരത്തെ ബാങ്ക് ഗാരന്റിയും ബോണ്ടും ഉപേക്ഷിച്ചിരുന്നു.


സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്നവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് ഹൈക്കോടതി ഇളവനുദിച്ചിട്ടുണ്ട്. പ്രവേശനംനേടി ഒരാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍മതി. മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ഇല്ലാതിരുന്ന അല്‍ അസര്‍, മൗണ്ട് സിയോന്‍, ഡി.എം. വയനാട് എന്നീ കോളെജുകളില്‍ പ്രവേശനത്തിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈ കോളെജുകളെയും സ്‌പോട്ട് അഡ്മിഷനില്‍ ഉള്‍പ്പെടുത്തി. ന്യൂനപക്ഷ പദവിയുള്ള അല്‍ അസറിലെ 44 സീറ്റുകളിലേക്ക് മുസ്ലിം സമുദായത്തില്‍നിന്നുള്ളവര്‍ക്കും മൗണ്ട് സിയോനിലെ 60 സീറ്റുകളിലേക്ക് ദ പെന്തക്കോസ്തല്‍ മിഷന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം നല്‍കും. റവന്യൂ അധികൃതരില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.മെറിറ്റിനെക്കാള്‍ സ്‌പോട്ടില്‍ അടിസ്ഥാനഘടകം  പണത്തിന് തന്നെയാണ്. ഒറ്റയടിക്ക് 11ലക്ഷം കയ്യിലുള്ളവര്‍ക്ക് സീറ്റ് ഉറപ്പിക്കാം. അതായത് നീറ്റ് വന്നിട്ടും മെറിറ്റിലുള്ളവര്‍ പണമില്ലാത്തിന്റെ പേരില്‍! സീറ്റ് നഷ്ടപ്പെടുന്ന സ്ഥിതി. എംബിബിഎസ്സിന് പുറമേ  450 ബിഡിഎസ് സീറ്റിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടക്കും.

അതേസമയം അലോട്ട്‌മെന്റ് നടന്ന ചൊവ്വാഴ്ചയും ഉയര്‍ന്ന ഫീസുകാരണം ചില വിദ്യാര്‍ഥികള്‍ പ്രവേശനം എടുക്കാതെ മടങ്ങി. ചില കോളേജുകള്‍ ബാങ്ക് ഗാരന്റിക്കുപകരം ആറുലക്ഷത്തിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആവശ്യപ്പെട്ടത് രക്ഷിതാക്കളെ വലച്ചു. കഴിഞ്ഞദിവസം പ്രവേശനം നേടിയ ചിലര്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറായി ഡിമാന്‍ഡ് ഡ്രാഫ്റ്റ് തിരികെ ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. സര്‍ക്കാര്‍ നേരിട്ട് ഫീസ് നല്‍കുന്ന പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികളും അലോട്ട്‌മെന്റ് സമയത്ത് ഫീസ് അടയ്ക്കണമെന്ന് ചില കോളെജുകള്‍ നിലപാടെടുത്തതും പ്രതിഷേധത്തിന് കാരണമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com