ജനമൈത്രി പൊലീസിന്റെ സദാചാര ഗുണ്ടായിസം: സാമൂഹിക പ്രവര്‍ത്തകയ്ക്കും മാധ്യമപ്രവര്‍ത്തകനും ക്രൂരമര്‍ദനവും അധിക്ഷേപവും

രാത്രി ഒറ്റയ്ക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോയി എന്ന കുറ്റത്തിനാണ് തന്നോട് പൊലീസ് ഇത്രയ്ക്ക് അപമര്യാധയായി പെരുമാറിയതെന്ന് അമൃത ചോദിക്കുന്നു.
ജനമൈത്രി പൊലീസിന്റെ സദാചാര ഗുണ്ടായിസം: സാമൂഹിക പ്രവര്‍ത്തകയ്ക്കും മാധ്യമപ്രവര്‍ത്തകനും ക്രൂരമര്‍ദനവും അധിക്ഷേപവും

'രാത്രി രണ്ട് മണിക്കാണോടി പുലയാടിച്ചിമോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്?' എന്ന് വിളിച്ച് അധിഷേപിച്ചുകൊണ്ടാണ് സാമൂഹികപ്രവര്‍ത്തകയായ ബര്‍സ എന്നറിയപ്പെടുന്ന അമൃത ഉമേഷിനെ എറണാകുളം ജനമൈത്രി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. രാത്രി ഒറ്റയ്ക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോയി എന്ന കുറ്റത്തിനാണ് തന്നോട് പൊലീസ് ഇത്രയ്ക്ക് അപമര്യാദയായി പെരുമാറിയതെന്ന് അമൃത പറയുന്നു.

പ്രതീഷ് രമാ മോഹന്‍ എന്ന സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ പൊലീസ് അയാളെയും വിളിച്ച് വരുത്തി മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട്മണിക്കാണ് തന്നെ മാതൃഭൂമി ജംഗ്ഷനില്‍ വെച്ച് പൊലീസ് വളഞ്ഞതെന്ന് അമൃത പറഞ്ഞു. പിന്നീട് തെറിവിളിയും അധിഷേപവും തുടര്‍ന്ന പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അടുത്തദിവസം അമൃതയുടെ അച്ഛനും അമ്മയും വലിയച്ഛനും എത്തിയതിന് ശേഷമാണ് ഇരുവരേയും വിട്ടയച്ചത്.

എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരാണ് രാത്രി ഇരുവരെയും മര്‍ദ്ദിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്തത്. പുറത്തുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കാന്‍ പോലും കഴിയാത്തവിധം ഇരുവരുടെയും ഫോണ്‍ ഉള്‍പ്പെടെ വസ്തുവകകള്‍ പിടിച്ചുവാങ്ങി കസ്റ്റഡി
യിലെടുക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കുപറ്റിയ പ്രതീഷ് ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ആയ ത്രേസ്യ സോസയുടെ നേതൃത്വത്തിലായിരുന്നു അമൃതയെ മര്‍ദിച്ചത്. ശാരീരിക ആക്രമണത്തിന് പുറമെ മാനസികമായ പീഡനവും അമൃതയ്ക്ക് ഏല്‍ക്കേണ്ടിവന്നു. വീട്ടിലെ നമ്പര്‍ ചോദിച്ചപ്പോള്‍ താന്‍ വീട്ടിലെത്തിയശേഷം അച്ഛനെക്കൊണ്ട് വിളിപ്പിക്കാമെന്നായിരുന്നു അമൃത പറഞ്ഞത്. എന്നാല്‍ പൊലീസ് അപ്പോള്‍ തന്നെ ഐഡികാര്‍ഡ് പരിശോധിച്ച് വടകര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അമൃതയുടെ അച്ഛന്റെ നമ്പറെടുത്ത് വിളിക്കുകയായിരുന്നു. 

ഇതിനെല്ലാം പുറമെ പൊലിസുകാര്‍ അമൃതയുടെ പേഴ്‌സണല്‍ ഡയറി ബാഗില്‍ നിന്നെടുത്ത് ഉറക്കെ വായിച്ചു. മാത്രമല്ല, അമൃതയുടെ അച്ഛന്റെ കയ്യില്‍ ഡയറി കൊടുത്ത്, മകള്‍ എഴുതിയതാണ് വായിക്കണമെന്നും പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിട്ടതെന്നും അമൃത പറഞ്ഞു. 

അമൃതയോടും തന്നോടും അപമര്യാദയായി പെരുമാറിയ പൊലീസിനോട് ഞങ്ങള്‍ കുറ്റവാളികളല്ല എന്നും ഇവിടെ പൗരന് ലഭിക്കുന്ന അവകാശങ്ങളുണ്ട് എന്നും പ്രതീഷ് പറഞ്ഞപ്പോള്‍ ''ഞങ്ങളെ പൗരാവകാശം പഠിപ്പിക്കാറായോ #####'' എന്ന തെറിവിളിയോടെ തന്നെ വിനോദ് എന്ന പൊലീസുകാരന്‍ തലപിടിച്ച് അടുത്തുള്ള കടയുടെ ഷട്ടറില്‍ ഇടിച്ചെന്നാണ് പ്രതീഷ് പറഞ്ഞത്. 

''നീ കൂടുതല്‍ ഞങ്ങളോട് കളിക്കണ്ട. വേണ്ടിവന്നാല്‍ ഞങ്ങള്‍ നിന്നെ കൊന്നുകളയുമെന്നും, ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ നിന്റെ തലയില്‍ വലിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജയിലിലടയ്ക്കാന്‍ ഞങ്ങള്‍ക്കാകും' എന്നും ബിപിന്‍ദാസ് എന്ന പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയതായി പ്രതീഷ് പറഞ്ഞു. 

ഈ വിഷയത്തില്‍ പൊലീസിന്റെ ഭാഷ്യം അറിയാനായി എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com