ചുഴലിക്കാറ്റ്: കുറ്റപ്പെടുത്തേണ്ട സമയമല്ലെന്ന് ഉമ്മന്‍ചാണ്ടി; കുറ്റപ്പെടുത്തലുകളുമായി കെപിസിസി

കടല്‍ ക്ഷോഭത്തില്‍ കാണാതായ മത്സ്യ ബന്ധന തൊഴിലാളികളെ കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും സര്‍ക്കാരിന്റെ വീഴ്ചകളെ പറ്റിയല്ല ഈ സമയം ചര്‍ച്ച ചെയ്യേണ്ടതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ചുഴലിക്കാറ്റ്: കുറ്റപ്പെടുത്തേണ്ട സമയമല്ലെന്ന് ഉമ്മന്‍ചാണ്ടി; കുറ്റപ്പെടുത്തലുകളുമായി കെപിസിസി

തിരുവനന്തപുരം: കന്യാകുമാരി തീരത്തിന് സമീപം രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കടല്‍ ക്ഷോഭത്തില്‍ കാണാതായ മത്സ്യ ബന്ധന തൊഴിലാളികളെ കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും സര്‍ക്കാരിന്റെ വീഴ്ചകളെ പറ്റിയല്ല ഈ സമയം ചര്‍ച്ച ചെയ്യേണ്ടതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതേസമയം സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ് എന്ന ആരോപണവുമായി കെപിസിസി പ്രചാരണം ആരംഭിച്ചു.

പൂന്തുറയിലെ സ്ഥിതി ഗതികള്‍ അറിയാന്‍ പ്രദേശം സന്ദര്‍ശിച്ചപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. റവന്യു വകുപ്പിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയവരോട,് കുറ്റപ്പെടുത്താനല്ല ഈ സമയം ഉപയോഗപ്പെടുത്തേണ്ടതെന്നും അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. ഇവിടുത്തെ സ്ഥിതി വിശേഷം മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന തരത്തിലാണ് കെപിസിസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പ്രചാരണം നടത്തുന്നത്. 

കടല്‍ ക്ഷോഭം രൂക്ഷമായിരിക്കേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍,നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ടും തിരച്ചില്‍ സംവിധാനം ശക്തമാക്കാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നുവെന്ന് കെപിസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ട്വീറ്റ് ചെയ്തിരിക്കുന്നു.

പൂന്തുറയില്‍ നിന്ന് മാത്രം 110ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റവും കൂടുതല്‍ ആളുകളെ കാണാതായിരിക്കുന്നത് പൂന്തുറയില്‍ നിന്നാണ്. രാവിലെ മുതല്‍ പൂന്തുറയില്‍ പ്രതിഷേധം ശക്തമായിരുന്നു. അധികൃതര്‍ ആരും തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കടലില്‍ കുടുങ്ങിയ ഇവരില്‍ 30 പേരെ കണ്ടുകിട്ടിയതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. 20 പേര്‍ വിവിധ കപ്പലുകളിലായി ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. നാവികസേനയും സൈന്യവും നടത്തിയ തിരച്ചിലില്‍ 57 പേരെ കണ്ടെത്തിയതായും പറയപ്പെടുന്നു. പൂന്തുറ സെന്റ് തോമസ് പള്ളിയിലാണ്  ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.

കൊച്ചിയില്‍നിന്നുള്ള 200 ബോട്ടുകളെക്കുറിച്ചു സൂചനയില്ല. ഇവരുമായുള്ള ആഅശയ വിനിമയം തടസ്സപ്പെട്ടിരിക്കുകയാണ്. 
കാസര്‍കോട് നീലേശ്വരം അഴിത്തല കടപ്പുറത്ത് മല്‍സ്യബന്ധനത്തിന് പോയ ബോട്ട് തിരയില്‍പ്പെട്ടു. മൂന്നു പേരാണു ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ രക്ഷപെട്ടു. ഒരാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കൊല്ലം വാടി മത്സ്യബന്ധന തുറമുഖത്തുനിന്ന് ഇന്നലെ രാവിലെ കടലില്‍പ്പോയ രണ്ടു വള്ളങ്ങളെക്കുറിച്ച് ഇപ്പോഴും വിവരമില്ല. രണ്ടു ബോട്ടുകളിലായി എട്ടു പേരാണ് കടലില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ രാത്രി ആറോടെ എത്തിച്ചേരേണ്ട വള്ളങ്ങളായിരുന്നു ഇത്. രാവിലെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് തിരച്ചിലിനിറങ്ങിയെങ്കിലും വള്ളങ്ങള്‍ കണ്ടെത്താനായിട്ടില്ല. നാവിക സേന തിരച്ചില്‍ നടത്തുന്നുണ്ടോയെന്ന് അറിവില്ലെന്നു പൊലീസ് പറയുന്നു. മത്സ്യത്തൊഴിലാളികള്‍ നേരിട്ട് തിരച്ചിലിനിറങ്ങിയത് ആദ്യം തടഞ്ഞെങ്കിലും ഇപ്പോള്‍ ഇരുപതോളം മത്സ്യത്തൊഴിലാളികള്‍ ഒരു ബോട്ടില്‍ തിരച്ചിലിനായി കടലിലേക്കു പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com