ഓഖി ചുഴലിക്കാറ്റ്; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd December 2017 09:45 PM |
Last Updated: 02nd December 2017 09:45 PM | A+A A- |

കേരളത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ വരുത്തിയ ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നാശനഷ്ടങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്ന ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടി വരുന്നതിനാല്‍ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
ഓഖി അതിതീവ്ര ചുഴലിക്കാറ്റായി ലക്ഷദ്വീപിലേക്കു നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിചിരുന്നു. ദ്വീപുകളിലെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷ്വദ്വീപില്‍ കനത്ത മഴയാണ് ഇപ്പോഴും. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്.
കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളില്‍ അടുത്ത 24 മണിക്കൂറില്‍ ജലനിരപ്പുയരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫഌ് ഫോര്‍കാസ്റ്റ് മോണിറ്ററിങ് ഡയറക്ടറേറ്റ് അറിയിച്ചു.
കേരളാ തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഇന്ന് രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും.
45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. അതിനിടെ, കണ്ണൂര്‍ പുതിയവളപ്പില്‍ 100 മീറ്ററോളം കരയെ കടല്‍ വിഴുങ്ങി. നീരൊഴുക്കുംചാല്‍, കക്കാടന്‍ചാല്‍ എന്നിവിടങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇതു തീരവാസികളില്‍ ഏറെ ഭീതി പരത്തി. ഓഖി ചുഴലിക്കാറ്റില്‍ മരണം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായവും നല്‍കും.