ഓഖി ചുഴലിക്കാറ്റ് : ഇന്ന് അഞ്ച് മരണം കൂടി ; കടലില്‍ കുടുങ്ങിയ 15 പേരെ കരയ്‌ക്കെത്തിച്ചു

കായംകുളം, ശക്തികുളങ്ങര ഭാഗത്ത് നിന്ന് പോയ രണ്ട് ബോട്ടുകളിലുള്ളവരെയാണ് കോസ്റ്റ്ഗാര്‍ഡ് വിഴിഞ്ഞത്തെത്തിച്ചത്
ഓഖി ചുഴലിക്കാറ്റ് : ഇന്ന് അഞ്ച് മരണം കൂടി ; കടലില്‍ കുടുങ്ങിയ 15 പേരെ കരയ്‌ക്കെത്തിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റിലും മഴക്കെടുതിയിലും ഇന്ന് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. വിഴിഞ്ഞത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. മല്‍സ്യതൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊച്ചി ചെല്ലാനത്ത് റെക്‌സണ്‍ എന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി. 

കടലില്‍ കുടുങ്ങിയ 15 മല്‍സ്യ തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡ് കപ്പലില്‍ വിഴിഞ്ഞത്തെത്തിച്ചു. കായംകുളം, ശക്തികുളങ്ങര ഭാഗത്ത് നിന്ന് പോയ രണ്ട് ബോട്ടുകളിലുള്ളവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ വിഴിഞ്ഞത്തെത്തിച്ചത്. പൂന്തുറയില്‍ നിന്നും കടലില്‍ പോയ അഞ്ചുപേരെ കൂടി കരയിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അതേസമയം കായംകുളത്ത് നിന്നു പോയ ജിതിന്‍ എന്ന ബോട്ട് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 12 തൊഴിലാളികളാണുണ്ടായിരുന്നത്. ഇതിലുള്ള മൂന്നു അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. 

ഉച്ചയ്ക്ക് മുമ്പായി 300 ഓളം പേരെ കടലില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. 15 പേരെ കൂടി കരയിലെത്തിച്ചതോടെ, കണക്കുകള്‍ പ്രകാരം 50 ഓളം പേരെ മാത്രമേ കണ്ടെത്താനുള്ളൂ എന്നാണ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് ഇതുവരെയായി 420 ലേറെ പേരെ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

അതിനിടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി നാവികസേന കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെ ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തൃപ്തികരമായി പുരോഗമിക്കുന്നതായി നാവിസേന മേധാവി സുനില്‍ ലാംബ വ്യക്തമാക്കി.  കോസ്റ്റ്ഗാര്‍ഡ് വെസ്‌റ്റേണ്‍ കമാന്‍ഡര്‍ കെ നടരാജന്‍ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com