അനിശ്ചിതകാല പട്ടിണിസമരത്തിനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍

ഇതിന് മുന്നോടിയായി ഈ മാസം 11 മുതല്‍ കാസര്‍കോഡ് കളക്ട്രേറ്റിന് മുന്‍പില്‍ ഉപവാസ സമരം സംഘടിപ്പിക്കും. 
അനിശ്ചിതകാല പട്ടിണിസമരത്തിനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍

കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. തിരിവുനന്തപുരം സെക്രട്ടറിയറ്റിന് മുന്‍പില്‍ പീഡിത ജനകീയ മുന്നണി അനിശ്ചിത കാല പട്ടിണി സമരം ആരംഭിക്കും. ഇതിന് മുന്നോടിയായി ഈ മാസം 11 മുതല്‍ കാസര്‍കോഡ് കളക്ട്രേറ്റിന് മുന്‍പില്‍ ഉപവാസ സമരം സംഘടിപ്പിക്കും. 

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ധനസഹായം മൂന്ന് മാസത്തിനകം മുഴുവന്‍ ദുരിത ബാധിതര്‍ക്കും നല്‍കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട അയ്യായിരത്തിലധികം ദുരിത ബാധിതരില്‍ 2665 പേര്‍ക്ക് മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ ധനസഹായം നല്കിയതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പറയുന്നു.

കൂടുതല്‍ ദുരിത ബാധിതരെ കണ്ടെത്താനായി സംഘടിപ്പിച്ച മെഡിക്കല്‍ കാംപില്‍ നിന്നും തിരഞ്ഞെടുത്ത 1905 പേരെ 287 ആയി വെട്ടിച്ചുരുക്കിയതായും ഇവര്‍ പറയുന്നു. കൂടാതെ ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുക, മനുഷ്യവകാശ കമ്മിഷന്‍ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരമുന്നണി ഉന്നയിക്കുന്നുണ്ട്.

നിലവിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ 5848 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ സെല്‍ യോഗത്തിന് ശേഷം ഇത് 5209 ആയി ചുരുക്കി. ഇതിന്റെ മാനദണ്ഡം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ദുരിത ബാധിതര്‍ ആവശ്യപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com