'അവള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ; അവള്‍ ചതിച്ചു', ഹാദിയയുടെ അച്ഛന്‍ അശോകന്‍

ഞാന്‍ ഇടതുസഹയാത്രികനും നിരീശ്വരവാദിയുമാണ്.  കെ അജിത് ഒഴികെ, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവും, കാര്യമെന്താണെന്ന് പോലും ചോദിച്ചിട്ടില്ല
'അവള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ; അവള്‍ ചതിച്ചു', ഹാദിയയുടെ അച്ഛന്‍ അശോകന്‍

കോട്ടയം : ഹാദിയ എന്ന അഖില തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നുവെന്ന് അച്ഛന്‍ അശോകന്‍. അവള്‍ എനിക്ക് മകള്‍ മാത്രമായിരുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നെ ചതിച്ചത്. ഹാദിയ, തന്റെ കുടുംബം, മതവിശ്വാസങ്ങള്‍, നിയമപോരാട്ടങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അച്ഛന്‍ അശോകന്‍, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ ചന്ദ്രകാന്ത് വിശ്വനാഥുമായി മനസ്സുതുറക്കുന്നു. 

അഭിമുഖത്തിലേക്ക്...

വിവാദങ്ങള്‍ക്ക് മുമ്പ് ഒരു സാധാരണ കുടുംബമായിരുന്നല്ലോ താങ്കളുടേത്. അക്കാലത്തെക്കുറിച്ച്..?

അശോകന്‍ : കമ്യൂണിസ്റ്റ് കോട്ടയായ വൈക്കത്തിനടുത്ത് കന്നുകാട്ടിശ്ശേരി എന്ന ഗ്രാമത്തില്‍ ഒരു കള്ളുചെത്തുകാരന്റെ മകനായിട്ടാണ് ഞാന്‍ ജനിച്ചത്. എട്ടുമക്കളില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് ഞാന്‍. രണ്ടു സഹോദരന്‍മാരും അഞ്ച് സഹോരിമാരും അടങ്ങുന്നതായിരുന്നു കുടുംബം. കമ്യൂണിസ്റ്റ് കോട്ടയില്‍ വളര്‍ന്നതുകൊണ്ടാകാം, ഞാനും കമ്യൂണിസ്റ്റ് ആശയങ്ങലില്‍ ആകൃഷ്ടനായി. വളരെ ചെറുപ്പത്തിലേ അമ്പലങ്ങളില്‍ പോകുമായിരുന്നെങ്കിലും, പിന്നീട് തികഞ്ഞ നിരീശ്വരവാദിയായി. 

അച്ഛന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോയത്. അച്ഛനെയും കുടുംബത്തെയും സഹായിക്കുക ലക്ഷ്യമിട്ട് 19 ആം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നു. താനും മറ്റു സഹോദരങ്ങളും കിട്ടുന്ന വരുമാനം അച്ഛന് അയച്ചുകൊടുത്തു. ആ പണം സ്വരുക്കൂട്ടിയാണ് അഞ്ചു സഹോദരിമാരെയും വിവാഹം കഴിപ്പിച്ചത്. സൈന്യത്തില്‍ നായക് പദവിയില്‍ സേവനം അനുഷ്ഠിക്കെ, നാല്പതാം വയസ്സില്‍ സൈനിക സേവനം ഉപേക്ഷിച്ച് താന്‍ നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് കൊച്ചിയില്‍ ആംഡ് ഫോഴ്‌സസ് ട്രിബ്യൂണലില്‍ പ്യൂണ്‍ ആയി കരാറില്‍ ജോലിക്ക് കയറി. എട്ടുവര്‍ഷത്തോളമാണ് കൊച്ചിയില്‍ സേവനം അനുഷ്ഠിച്ചത്. കഴിഞ്ഞവര്‍ഷമാണ് ആ ജോലി രാജിവെച്ചത്. തന്റെ മകളുടെ സുരക്ഷ ആയിരുന്നു തനിക്ക് പ്രധാനം.

താങ്കള്‍ക്കും ഭാര്യക്കും അഖിലയുമായുള്ള ബന്ധം..?

അശോകന്‍ : അഖില എനിക്ക് മകള്‍ മാത്രമായിരുന്നില്ല. ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു. അമ്മയേക്കാള്‍ തന്നോടായിരുന്നു അഖിലയ്ക്ക് അടുപ്പം. എന്തുകാര്യവും പരസ്പരം തുറന്നുപറയാന്‍ കഴിയുന്ന ബന്ധം.  അവളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണ്, അവളല്ലാതെ മറ്റൊരു കുട്ടി വേണ്ടെന്ന് താനും ഭാര്യ പൊന്നമ്മയും തീരുമാനിച്ചത്.  പഠനത്തില്‍ അത്ര മികച്ചവളൊന്നുമായിരുന്നില്ല അഖില. എസ്എസ്എല്‍സിയ്ക്ക് ശേഷമുള്ള ഓരോ ഘട്ടത്തിലും അവള്‍ക്ക് തങ്ങളുടെ പിന്തുണ അനിവാര്യമായിരുന്നു. 

എന്തുകൊണ്ട് ബിഎച്ച്എംഎസ് കോഴ്‌സ് തെരഞ്ഞെടുത്തു..?

അശോകന്‍ : അഖിലയുടെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് തങ്ങള്‍ ഏറെ ഉത്കണ്ഠാകുലരായിരുന്നു. അവള്‍ക്ക് മികച്ച രീതിയില്‍ ജീവിക്കാനുതകുന്ന തരത്തിലുള്ള കോഴ്‌സ് കണ്ടെത്താനായിരുന്നു ഞങ്ങളുടെ ശ്രമം. അങ്ങനെയിരിക്കെ എന്റെ അളിയനാണ് ഈ കോഴ്‌സിനെക്കുറിച്ച് പറയുന്നത്. 

താങ്കള്‍ ഒരു ലോണ്‍ പോലും എടുത്തിട്ടില്ലെന്നാണ് കേട്ടിട്ടുള്ളത്. എങ്ങനെയാണ് പഠനത്തിനുള്ള പണം കണ്ടെത്തിയത്..?

അശോകന്‍ : ഞാന്‍ ധൂര്‍ത്തനായ ഒരാള്‍ ആയിരുന്നില്ല. കിട്ടുന്ന പണമെല്ലാം മകള്‍ക്കായി സ്വരുക്കൂട്ടി. ശമ്പളമെല്ലാം മകളുടെ പഠന ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചു. പെന്‍ഷന്‍ തുക മാത്രം മതിയായിരുന്നു എനിക്കും ഭാര്യയ്ക്കും ജീവിക്കാന്‍. എന്റെ എടിഎം കാര്‍ഡ് പോലും അഖിലയുടെ കൈവശമായിരുന്നു. അതില്‍ നിന്നും കാശെടുത്താണ് അവള്‍ കൂട്ടുകാര്‍ക്ക് ചെലവഴിച്ചിരുന്നത്. 

സേലത്ത് എത്തിയശേഷം എങ്ങനെയാണ് അഖിലയുടെ ജീവിതത്തില്‍ മാറ്റമുണ്ടാകുന്നത്..?

അശോകന്‍ : ഞങ്ങള്‍ ദിവസവും പരസ്പരം വിളിക്കുമായിരുന്നു. എനിക്ക് എന്ത് ചെറിയ പ്രശ്‌നമുണ്ടെങ്കിലും അവള്‍ ഓടിയെത്തുമായിരുന്നു. 

സേലത്തെ പഠനവേളയില്‍ മകളില്‍ എന്തെങ്കിലും മാറ്റം ശ്രദ്ധിച്ചിരുന്നോ..?

അശോകന്‍ : ഇല്ല. ഒരിക്കല്‍ മകളുടെ ഒരു സഹപാഠിയുടെ അച്ഛനാണ് ഫോണില്‍ വിളിച്ച്, മകള്‍ ക്ലാസില്‍ തട്ടമിട്ടാണ് വരുന്നതെന്ന് പറയുന്നത്. തുടര്‍ന്ന് ഭാര്യയെ വിളിച്ച്, താന്‍ ഒരു അപകടത്തില്‍പ്പെട്ടതായി മകളെ അറിയിക്കാന്‍ പറഞ്ഞു. ഇതുകേട്ട് പരിഭ്രാന്തയായ അഖില എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജസീന എന്ന സഹപാഠിയ്‌ക്കൊപ്പം എത്തിയ അഖിലയെ, ജസീന തന്റെ പെരിന്തല്‍മണ്ണയിലെ വീട്ടിലേക്ക് അവളെ കൂട്ടിക്കൊണ്ട് പോയി. 

താങ്കള്‍ നിരിശ്വരവാദിയും ഭാര്യ പൊന്നമ്മ കടുത്ത ഈശ്വര വിശ്വാസിയുമാണ്. താങ്കള്‍ എപ്പോഴെങ്കിലും അവരുടെ വിശ്വാസത്തെ എതിര്‍ത്തിരുന്നോ ? ഈ വിഷയത്തില്‍ മകളുടെ നിലപാട് എന്തായിരുന്നു ? 

അശോകന്‍ :  മതം, ദൈവം തുടങ്ങിയ കാര്യങ്ങളില്‍ അഖില എന്റെ നിലപാടിനെയാണ് അനുകൂലിച്ചിരുന്നത്. വളരെ വിരളമായാണ് അവള്‍ ക്ഷേത്രങ്ങലില്‍ പോയിരുന്നത്. അതും അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന്. അതേസമയം കടുത്ത ഭക്തിയെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാലും ഭാര്യയെ അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് പോകാന്‍ അനുവദിച്ചിരുന്നു. അവരുടെ വിശ്വാസങ്ങളെ ഒരിക്കലും തടഞ്ഞിട്ടില്ല. 

താങ്കള്‍ മകളുടെ സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത് തുടങ്ങിയ ആരോപണങ്ങളെക്കുറിച്ച്..?

അശോകന്‍ : എന്തു തരത്തിലുള്ള മനുഷ്യാവകാശത്തെക്കുറിച്ചാണ് പറയുന്നത്. ഞാനൊരിക്കലും എന്റെ മകളുടെ ഭാവി നശിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശം എനിക്കില്ലേ ? പഠിച്ചുകൊണ്ടിരിക്കെ, പഠനം തുടരാനാകുന്നില്ലെന്ന് പറഞ്ഞ് ആറുമാസത്തിന് ശേഷം മകള്‍ കോളേജില്‍ നിന്ന് തിരിച്ചുവന്നു. ഇതേത്തുടര്‍ന്ന് അവളുടെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കള്‍ അവളെ വീട്ടില്‍ വന്ന് കാണുകയും, പഠനം തുടരാന്‍ ഉപദേശിക്കുകയും ചെയ്തു. ഇത്രയും പിന്തുണ നല്‍കുന്ന ഒരു അച്ഛനെ കാണാനാകില്ലെന്നായിരുന്നു അവളുടെ സുഹൃത്തുക്കള്‍ അവളോട് പറഞ്ഞത്. എനിക്ക് കുടുംബത്തിന് അപ്പുറം, പ്രത്യേകിച്ചും മകളെ വിട്ട് ഒരു ജീവിതം ഉണ്ടായിട്ടില്ല. അവള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അവളാണ് എന്നെ ചതിച്ചത്. പക്ഷെ ഞാന്‍ അങ്ങനെ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇതിനെല്ലാം പുറകില്‍ മറ്റാരോ ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

നിയമപോരാട്ടത്തിനുള്ള ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുന്നു ?

അശോകന്‍ : ഇത് എന്റെ പണമല്ല. ഞാന്‍ സമ്പാദിച്ചതെല്ലാം മകള്‍ക്കുവേണ്ടിയാണ്. ആ പണമാണ് ഇപ്പോള്‍ ചെലവഴിക്കുന്നത്.

രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ എത്രത്തോളമുണ്ടായിരുന്നു ? 

അശോകന്‍ :  ഞാന്‍ സിപിഐ അനുഭാവിയാണ്. എന്നാല്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നില്ല. പ്രശ്‌നം ആരംഭിച്ചപ്പോള്‍, സിപിഐ നേതാവും എംഎല്‍എയുമായ കെ അജിത് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ അതുകൊണ്ട് കാര്യമായ ഗുണമുണ്ടായിരുന്നില്ല. എന്നാലും അദ്ദേഹത്തോട് നന്ദിയുണ്ട്. അതേസമയം അജിത് ഒഴികെ, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പ്രാദേശിക നേതാവും, കാര്യമെന്താണെന്ന് പോലും ചോദിച്ചിട്ടില്ല. സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ സിപിഐ നേതാവ് ആനിരാജ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ അതിന് താല്‍പ്പര്യപ്പെട്ടില്ല. നേരത്തെ, ഹൈക്കോടതി വിധിയ്ക്ക് ശേഷം ആനിരാജ അഖിലയെ വന്ന് കണ്ടിരുന്നു. 

എങ്ങനെയായിരുന്നു നിയമപോരാട്ടം..?

അശോകന്‍ : കൊച്ചിയിലെ സൈനിക കോടതിയിലെ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്റെ ഉപദേശപ്രകാരമാണ് ആദ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുന്നത്. സാമൂഹ്യപ്രവര്‍ത്തകനും മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വൈക്കം ഗോപകുമാറാണ് സഹായിച്ചത്. ഗോപന്‍ ചേട്ടന്‍ ഒരാളെ കാണാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടുമാസത്തിന് ശേഷമാണ് അയാളെ കണ്ടത്. പിന്നീടുള്ള തന്റെ ഓരോ ചുവടുവെപ്പിലും സഹായിച്ചത് അയാളാണ്. 

താങ്കളെ സംഘപരിവാറുകാരനായി മുദ്രകുത്തുന്നതിനെപ്പറ്റി..?

അശോകന്‍ :  ഞാന്‍ ഇടതുസഹയാത്രികനും നിരീശ്വരവാദിയുമാണ്. ഗോപന്‍ ചേട്ടനല്ലാതെ ആരും പ്രതിസന്ധി ഘട്ടത്തില്‍ എന്നെ സഹായിച്ചിട്ടില്ല. അദ്ദേഹമാണ് എന്റെ കരുത്ത്. പിന്നീട് പലരും വന്ന് എനിക്ക് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ ആരുടെയും എതെങ്കിലും തരത്തിലുള്ള സഹതാപമോ, പിന്തുണയോ ഞാന്‍ പ്രോല്‍സാഹിപ്പിച്ചിട്ടില്ല. അപരിചിതരായ പലരും ഫോണില്‍ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്തായും എന്റെ നെറ്റിയില്‍ ചാര്‍ത്തിയ കുറി, അത് അങ്ങനെ തന്നെ ഇരിക്കട്ടെ. 

അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള, കഴിഞ്ഞ ആറുമാസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദിനങ്ങളെന്ന് ഹാദിയ പറഞ്ഞത് ടെലിവിഷനിലൂടെ കേട്ടിരുന്നു. അതേക്കുറിച്ച് എന്താണ് അഭിപ്രായം..? 

അശോകന്‍ : ഇക്കാര്യം ഒരാള്‍ എന്നോട് പറഞ്ഞിരുന്നു. എന്തായാലും എന്റെ മകള്‍ എന്നെയോ, അവളുടെ അമ്മയെയോ കുറിച്ച് അത്തരം പരാമര്‍ശം നടത്തുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com