രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു നല്‍കും: ഇന്നസെന്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th December 2017 11:06 AM |
Last Updated: 04th December 2017 11:06 AM | A+A A- |

ഇരിങ്ങാലക്കുട: പാര്‍ലമെന്റംഗം എന്ന നിലയിലുള്ള രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് നടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ്. മണ്ഡലത്തിലെ തീരമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് തുക ചെലവഴിക്കുകയെന്ന് ഇന്നസെന്റ് അറിയിച്ചു.
കടല്‍ക്ഷോഭം മൂലം വീടുകള്‍ തകര്‍ന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചും കൊടുങ്ങല്ലൂര്‍ തീരപ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. എറിയാട് പഞ്ചായത്തില്‍ ഉള്‍പ്പെടെ തുറന്ന ക്യാമ്പുകളിലേക്ക് ആണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവിടങ്ങളില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നതായാണ് ദുരിതബാധിതര്‍ പറയുന്നത്. അടിയന്തരമായി ഇവര്‍ക്ക് കുടിവെള്ളമെത്തിക്കും. അതിനായി ഉടന്‍ തന്നെ ശുദ്ധജലം ക്യാമ്പുകളിലെത്തിക്കും. 12000 കുപ്പി വെള്ളം ഇതിനായി ഏര്‍പ്പാട്ട് ചെയ്തു കഴിഞ്ഞതായി ഇന്നസെന്റ് അറിയിച്ചു.
തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും റോഡുകളും കടല്‍ഭിത്തിയും നന്നാക്കുന്നതിനുമുള്‍പ്പെടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കും. അടിയന്തര സഹായം വേണ്ട മറ്റ് കാര്യങ്ങളും കഴിയുന്നത്ര വേഗത്തില്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു.