പ്രതിഷേധങ്ങളുയര്‍ന്നില്ല ; വിഎസ് ദുരിതബാധിത പ്രദേശം സന്ദര്‍ശിച്ചു, എല്ലാ സഹായത്തിനും ഒപ്പമുണ്ടാകുമെന്ന് വാഗ്ദാനം

ആവശ്യങ്ങളും പ്രശ്‌നങ്ങളും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളെ അറിയിച്ച് പരിഹാരത്തിനായി ഒപ്പമുണ്ടാകുമെന്ന് വി എസ്
പ്രതിഷേധങ്ങളുയര്‍ന്നില്ല ; വിഎസ് ദുരിതബാധിത പ്രദേശം സന്ദര്‍ശിച്ചു, എല്ലാ സഹായത്തിനും ഒപ്പമുണ്ടാകുമെന്ന് വാഗ്ദാനം

തിരുവനന്തപുരം :ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന പൂന്തുറയിലെ ജനങ്ങളെ  മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. മല്‍സ്യതൊഴിലാളികളുടെ നഷ്ടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും, എല്ലാ സഹായത്തിനും തന്റെ പിന്തുണ ഉണ്ടാകുമെന്ന് വി എസ് മല്‍സ്യതൊഴിലാളികളെ അറിയിച്ചു. പരിഹാരം ഉണ്ടാകാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതിന് ശ്രമിക്കും. മല്‍സ്യതൊഴിലാളികളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളെ അറിയിച്ച് പരിഹാരത്തിനായി ഒപ്പമുണ്ടാകുമെന്നും വി എസ് അറിയിച്ചു. 

കടലില്‍ അകപ്പെട്ട തങ്ങളുടെ ഉറ്റവരെ കരയ്‌ക്കെത്തിക്കൂ എന്ന കരച്ചിലോടെയാണ് അമ്മമാരും സ്ത്രീകളും അടക്കമുള്ള നാട്ടുകാര്‍ വിഎസിനെ എതിരേറ്റത്. തുടര്‍ന്ന് പള്ളിക്ക് അകത്തേക്കുപോയ വി എസ് പള്ളിവികാരിയും, ജനപ്രതിനിധികളുമായും ഹൃസ്വമായ ചര്‍ച്ച നടത്തി. തുടര്‍ന്നാണ് അദ്ദേഹം മല്‍സ്യതൊഴിലാളികളെ കണ്ടത്. 

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനൊപ്പം എത്തിയ സംസ്ഥാനമന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയ്ക്കും കടകംപള്ളി സുരേന്ദ്രനും എതിരെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രദേശം വിട്ടുപോകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൂന്തുറയിലെത്തിയ വിഎസിന് നേരെ യാതൊരു പ്രതിഷേധവും ഉണ്ടായിരുന്നില്ല. 

പൂന്തുറയിലെ സന്ദര്‍ശനത്തിന് ശേഷം വിഎസ് വിഴിഞ്ഞത്തേയ്ക്ക് പോയി. വിഴിഞ്ഞത്തെ മല്‍സ്യതൊഴിലാളികളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി വിഎസ് പറഞ്ഞു. എല്ലാ സഹായങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 
സര്‍ക്കാര്‍ നടപടിയില്‍ ഏറെ പ്രതിഷേധമുള്ള വിഴിഞ്ഞത്തും വിഎസിന് നേരെ യാതൊരു എതിര്‍പ്പും ഉയര്‍ന്നില്ല.  ഇന്നലെ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിയ്ക്കും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സന്ദര്‍ശം റദ്ദാക്കി മടങ്ങേണ്ടി വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com