കാറ്റിന്റെ ദിശ കണക്കാക്കി കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; കാണാതായവരുടെ എണ്ണത്തില്‍ കൃത്യതയില്ലാതെ സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th December 2017 07:56 AM |
Last Updated: 06th December 2017 07:56 AM | A+A A- |

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. മത്സ്യത്തൊഴിലാളികളെ കൂടെ കൂട്ടിയാണ് ഏഴാം ദിനവും തിരച്ചില്‍ നടത്തുന്നത്. മൂന്ന് മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കൊച്ചി പുറങ്കടലില്‍ കണ്ടെത്തിയിരുന്നു.
നാവിക സേനയുടെ പത്ത് കപ്പലുകള്‍ ഇന്ന് തിരച്ചിലിനിറങ്ങും. കൊച്ചിയില്‍ നിന്നും ആറ് മത്സ്യത്തൊഴിലാളികളേയും, തിരുവനന്തപുരത്ത് നിന്നും രണ്ട് മത്സ്യത്തൊഴിലാളികളേയും ഒപ്പം കൂട്ടിയാണ് നാവിക സേന തിരച്ചിലിനായി പുറപ്പെടുന്നത്.
കൊച്ചി തീരത്ത് കാറ്റിന്റെ ദിശ കണക്കാക്കിയാണ് പ്രധാനമായും തിരച്ചില്‍ നടത്തുന്നത്. ചൊവ്വാഴ്ച 16 മത്സ്യത്തൊഴിലാളികളുമായിട്ടായിരുന്നു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരച്ചില്‍ നടത്തിയത്. അതിനിടെ നാവിക സേനയുടെ തിരച്ചില്‍ 400 നോട്ടിക്കല്‍ മൈലിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
അതിനിടെ കൊച്ചിയിലെ ചെല്ലാനത്ത് സര്‍ക്കാരിനെതിരായ പ്രദേശവാസികളുടെ പ്രതിഷേധ സമരം തുടരുകയാണ്. പുലിമുട്ട് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ സമരം.
ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തവരെ ചൊല്ലിയുള്ള ആശങ്ക വര്‍ധിച്ചു വരികയാണ്. കാണാതായവരുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പക്കലുള്ള കണക്കുകളേക്കാള്‍ കൂടുതല്‍ ആളുകളെ കാണാനില്ലെന്നാണ് ലത്തീന്‍ സഭ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്.